കരവാളൂർ :കരവാളൂർ ഗ്രാമപഞ്ചായത്തിലെ കരാർ പ്രവർത്തികൾക്കെതിരെ ആരോപണവുമായി ചേറ്റുകുഴി വാർഡിനെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര അംഗം മുഹമ്മദ് അൻസാരി.
കുറെ നാളായി തെരുവ് വിളക്കുകളുടെ പരിപാലനവും ലൈൻ ദീർഘിപ്പിക്കലും കരാറാക്കുന്നതിൽ സുതാര്യതയില്ല. ടെണ്ടർ ഫോം ഉൾപ്പടെയുള്ളവ ആവശ്യപ്പെട്ട് പഞ്ചായത്തിലെത്തുന്ന പല കരാറുകാരെയും ചില ബാഹ്യശക്തികൾ പിന്തിരിപ്പിക്കുന്നു.ഇതിലൂടെ മത്സരാധിഷ്‌ഠിത ടെണ്ടർ നടപടിയെന്ന ആശയം അട്ടിമറിക്കപ്പെടുന്നു.
തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിൽ ചില വാർഡുകളോട് വിവേചനവും പുലർത്തുന്നു.
ജലജീവൻ മിഷൻ പ്രകാരം കണക്ഷനുകൾ നൽകാൻ ജലഅതോറിട്ടി കുത്തിപ്പൊളിച്ച റോഡുകൾ അവർ നൽകിയ കരാർ പ്രകാരം നേരെയാക്കിയെങ്കിലും ആ പ്രവൃത്തി കൂടി പെറ്റി വർക്കിൽ ഉൾപ്പെടുത്തിയതും അന്വേഷിക്കണം ആരോപണങ്ങൾ അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും കത്ത് നൽകി കാത്തിരിക്കുകയാണ്. നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്നും മുഹമ്മദ് അൻസാരി പറയുന്നു.
പഞ്ചായത്തിന്റെ കരാർ പണികൾ സംബന്ധിച്ച് നിയമവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. തെരുവ് വിളക്കുകൾ അനുവദിക്കുന്നത് സംബന്ധിച്ച് വിവേചനത്തോടെ പെരുമാറുന്നതായുള്ള സ്വതന്ത്ര മെമ്പറുടെ പരാതി ലഭിച്ചതിൽ വസ്‌തുതയുണ്ടോ എന്ന പരിശോധന നടക്കുകയാണ്. തുടർച്ചയായുള്ള അവധിയും സാമ്പത്തിക വർഷം അവസാനിക്കുന്ന തിരക്കും കഴിഞ്ഞ് ഏപ്രിൽ 10 നകം പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കും.
പഞ്ചായത്ത് അധികൃതർ.