കൊല്ലം: കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ നടന്ന ലോക ജലദിന പ്രഭാഷണം ഗ്രീൻ എനർജി ഫോറം പ്രസിഡന്റും മുൻ യു.എൻ ഇന്റർനാഷണൽ ഊർജ്ജ -പരിസ്ഥിതി കൺസൾട്ടന്റുമായ പ്രൊഫ. വി.കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. നാം ഉപയോഗിക്കുന്ന ജലത്തിന്റെ 70 ശതമാനവും ജലസേചനത്തിനു പോകുന്നു. 20 ശതമാനം വ്യവസായാവശ്യങ്ങൾക്കും 10 ശതമാനം വീട്ടാവശ്യങ്ങൾക്കും എന്നതാണ് കണക്ക്. 2050 കഴിയുമ്പോൾ ഇത് ജലക്ലേശ തലമായ ആളോഹരി 1000 ഘന മീറ്ററിലേക്ക് താഴാൻ തുടങ്ങും. യുവാക്കൾ മുന്നിട്ടിറങ്ങിയാൽ ഇത്തരം ഒരവസ്ഥയിൽ എത്താതെ നോക്കാൻ കഴിയും. മഴവെള്ള ശേഖരണവും ഗ്രൗണ്ട് റീചാർജിംഗും സഗൗരവം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഊർജ്ജ, ജല, പരിസ്ഥിതി മേഖലകളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ഗവേഷണ, അന്വേഷണങ്ങൾക്കു തുടക്കം കുറിക്കാനായി ഗ്രീൻ എനർജി സ്‌റ്റുഡന്റ് മൂവ്‌മെന്റ് എന്ന പഠന ക്ലബ്ബിനും കോളേജിൽ തുടക്കം കുറിച്ചു. ഗ്രീൻ എനർജി ഫോറം, വേൾഡ് മലയാളി കൗൺസിൽ കൊല്ലം ശാഖ, ടി.കെ.എം.ഐ ട്രിപ്പിൾ ഇ സ്റ്റുഡന്റ് ബ്രാഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഡോ. എസ്. രത്നകുമാർ, ഡോ. ബിജുന കുഞ്ഞ്, ജെ. ഉദയകുമാർ എന്നിവരും സംസാരിച്ചു.