താഴ്ന്നു കിടക്കുന്ന കേബിളുകൾ അപകടക്കെണി
കൊല്ലം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ താഴ്ന്നു കിടക്കുന്ന കേബിളുകൾ അപകടക്കെണിയാകുന്നു.
ബി.എസ്.എൻ.എൽ, വിവിധ കേബിൾ നെറ്റ് വർക്കുകൾ, സ്വകാര്യ മൊബൈൽ കമ്പനികൾ എന്നിവരാണ് നഗരത്തിലെ റോഡുകൾക്ക് മുകളിലൂടെ പ്രധാനമായും കേബിളുകൾ വലിച്ചിട്ടുള്ളത്. കെ.ഫോണിനായും ഇതേ പോസ്റ്റുകളാണ് ഉപയോഗിക്കുന്നത്. കേബിളുകൾ നിശ്ചിത ഉയരത്തിലല്ലാത്തതിനാൽ വലിയ ലോഡുമായി വരുന്ന ലോറികളിൽ തട്ടി കേബിൾ പൊട്ടിവീഴുകയും ഇത് മൂലം ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാകുകയാണ്. റോഡിൽ അലക്ഷ്യമായി കൂട്ടിയിടുന്ന കേബിളുകളിൽ തട്ടി കാൽ നടയാത്രക്കാർക്ക് പരിക്കേൽക്കുന്നതും വ്യാപകമാണ്. നഗരത്തിൽ ചിന്നക്കട, റെയിൽവേസ്‌റ്റേഷൻ പരിസരം, ഹൈസ്‌കൂൾ ജംഗ്ഷൻ, ആശ്രാമം റോഡ്, തേവള്ളി, കടപ്പാക്കട തുടങ്ങിയ സ്ഥലങ്ങളിലാണ് കേബിളുകൾ താഴ്ന്ന് കിടന്ന് അപകടമുണ്ടാക്കുന്നത്.
ഉയർത്തിക്കെട്ടാൻ മടി
ദിവസങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളി തഴവയിൽ തടി ലോറിതട്ടി പൊട്ടിയ കേബിൾ കുരുങ്ങി സ്കൂട്ടറിൽ ഇരുന്ന വീട്ടമ്മറോഡിലേക്ക് തെറിച്ചു വീണ് ഗുരുതര പരിക്കേറ്റിരുന്നു. അപകടങ്ങൾ പതിവായതോടെ കേബിളുകൾ നിശ്ചിത ഉയരത്തിൽ കെട്ടണമെന്നും കേബിളുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങൾ കേബിളുകൾ തിരിച്ചറിയുന്നതിനായി ടാഗ് ചെയ്യണമെന്നും കെ.എസ്.ഇ.ബി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേബിളുകൾ അതാത് കമ്പനികൾ ടാഗ് ചെയ്‌തെങ്കിലും ഉയർത്തിക്കെട്ടിയില്ല. കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിലും പ്രത്യേകം കമ്പികൾ സ്ഥാപിച്ചുമാണ് കേബിളുകൾ വലിച്ചുകെട്ടിയിട്ടുള്ളത്.
കൈമലർത്തി അധികൃതർ
കേബിൾ പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാകുമ്പോഴും അധികൃതർ നടപടിയെടക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. കേബിൾ കുരുങ്ങി യാത്രക്കാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളിൽ കേബിൾ സ്ഥാപിച്ചവരാണ് കുറ്റക്കാരെന്ന് പറഞ്ഞ് അധികൃതർ കയ്യൊഴിയുകയാണ്. എത്രയും വേഗം കേബിളുകൾ നിശ്ചിത ഉയരത്തിൽ കെട്ടാനും പഴയവ മാറ്റിസ്ഥാപിക്കാനും നടപടിയെടുത്തില്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയായി മാറുമെന്ന ഭീതിയിലാണ് നാട്ടുകാർ.