കുളത്തൂപ്പുഴ: ഡയാലിസിസ് രോഗിയായ ആദിവാസി യുവതിക്ക് നാട്ടുകാർ നിർമ്മിച്ചു നൽകിയ വഴി വനം വാച്ചർ കെട്ടി അടച്ചതായി പരാതി. കുളത്തൂപ്പുഴ അമ്പതേക്കർ വില്ലുമല ആദിവാസി ഊരിൽ പ്രിജിഭവനിൽ പ്രിജി (42)യുടെ വീട്ടിലേക്കുള്ള വഴിയാണ് സമീപ പുരയിടം ഉടമയായ വാച്ചർ കെട്ടിയടച്ചത്.
ആഴ്ചയിൽ മൂന്നു ദിവസം പുനലൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് കൊണ്ടുപോകാൻ ഗതാഗത സൗകര്യമില്ലാത്തതിനാൽ ഏറെ ദുരിതത്തിലായിരുന്നു പ്രിജി.
നാട്ടുകാർ തോളിലേറ്റിയാണ് പ്രജിയെ വാഹനമെത്തുന്ന റോഡ് വരെ എത്തിച്ചിരുന്നത്. ഈ ദുരിതജീവിതത്തിന് അറുതിയായിട്ടാണ് നാട്ടുകാർ ഇടപെട്ട് വീട്ടുപടിക്കൽ വാഹനം എത്തിക്കുന്നതിനുവേണ്ട വഴിയൊരുക്കി നൽകിയത്.
താലൂക്ക് സർവേ വിഭാഗം സർവേ നടപടി പൂർത്തിയാക്കി പട്ടയം അനുവദിച്ചപ്പോൾ ഗതാഗത ആവശ്യത്തിനായി മാറ്റിയിട്ടിരുന്ന ഭൂമിയിലാണ് നാട്ടുകാർ പാതയോരുക്കി നൽകിയത്. ഈ വഴിയാണ് കുളത്തൂപ്പുഴം വനം റേഞ്ചിലെ വനപാലകൻ കെട്ടിയടച്ചത്. പ്രജി ആശുപത്രിയിൽ പോയസമയത്തായിരുന്നു വനത്തിൽ നിന്നും കാട്ടുകമ്പുകളും തകരഷീറ്റും സ്ഥാപിച്ച് പാത കൈയേറിയത്. വനപാലകൻ കാട്ടിനുള്ളിൽ അനധികൃതമായി കടന്ന് തൈമരങ്ങൾ മുറിച്ച് വേലിസ്ഥാപിച്ച് പൊതു ഗതാഗതം തടസപ്പെടുത്തിയത് സംബന്ധിച്ച് പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ല.