കൊട്ടാരക്കര: സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും കൊട്ടാരക്കരയിൽ പ്രതീക്ഷിച്ച വികസന പ്രവർത്തനങ്ങളൊന്നും സാദ്ധ്യമായില്ല. നിരാശയോടെ നഗരവാസികൾ. വേനൽക്കാലത്ത് കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുകയാണ്. അടിസ്ഥാന വികസന പ്രവർത്തനങ്ങളൊന്നും നടന്നില്ല. പട്ടണത്തിന് നടുവിൽക്കൂടിയൊഴുകുന്ന പുലമൺ തോടിന്റെ സംരക്ഷണമടക്കം പ്രഖ്യാപിച്ച പദ്ധതികളൊന്നും ലക്ഷ്യം കാണുന്നില്ല. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലത്തിലെ പ്രധാന പട്ടണമെന്ന നിലയിൽ മന്ത്രിതലത്തിൽ പ്രഖ്യാപിച്ച പദ്ധതികളും എങ്ങുമെത്തുന്നില്ല.
ഫയലിൽ ഉറങ്ങി പദ്ധതികൾ
ബൈപ്പാസ് അടക്കമുള്ള വൻകിട പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെന്നത് മാത്രമാണ് ആശ്വാസം. അപ്പോഴും ബസ് സ്റ്റാൻഡ്, മാർക്കറ്റ്, പൊതു ശ്മശാനം, സാംസ്കാരിക സമുച്ചയം എന്നിവയടക്കമുള്ള പദ്ധതികളൊക്കെ ഫയലിൽ ഉറങ്ങുകയാണ്. നഗരസൗന്ദര്യ വത്കരണത്തിന് ചേലോടെ കൊട്ടാരക്കര പദ്ധതി തുടങ്ങിയിട്ടും സൗന്ദര്യം ഇനിയും കൈവന്നിട്ടില്ല. ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ട് നൂറുകോടി രൂപയുടെ വികസനപദ്ധതി തയ്യാറാക്കിയതും ഫയലിൽ ഉറക്കത്തിലാണ്. ഗതാഗത സൗകര്യങ്ങളും ബുദ്ധിമുട്ടിലാണ്. തിരഞ്ഞെടുപ്പുകാലമായതിനാൽ അവയൊക്കെ സജീവ ചർച്ചയിലുമുണ്ട്.
ബസ് സ്റ്റാൻഡ് തഥൈവ
എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന പുലമൺ കവലയിൽ ഹൈടെക് സ്വകാര്യ ബസ് സ്റ്റാൻഡ് വിഭാവനം ചെയ്തിട്ട് വർഷങ്ങളായി. നഗരസഭയുടെ മുൻ ചെയർമാന്റെ കാലത്ത് നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും നാളിതുവരെ നിർമ്മാണം തുടങ്ങിയില്ല. ഹൈടെക് ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി ആദ്യ ഘട്ടത്തിൽ 75 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
മാർക്കറ്റ് ഹൈടെക് ആകുമോ?
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുന്ന കൊട്ടാരക്കര ചന്തമുക്കിലെ മാർക്കറ്റ് ഹൈടെക് ആക്കുവാൻ പദ്ധതി തയ്യാറാക്കിയിരുന്നു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 5.25 കോടി രൂപ ഉപയോഗിച്ചാണ് ഹൈടെക് മാർക്കറ്റ് നിർമ്മിക്കുന്നത്. ഇതിന്റെ മുന്നോടിയായി താത്കാലിക ചന്ത നിർമ്മിച്ച് നിലവിലുള്ള പ്രവർത്തനം അവിടേക്ക് മാറ്റാൻ ആലോചിച്ചുവെങ്കിലും നടപ്പായില്ല.
ശ്മശാനം നാളെ നാളെ
കൊട്ടാരക്കര നഗരസഭയുടെ പൊതുശ്മശാനം റെയിൽവേ സ്റ്റേഷൻ കവലയ്ക്ക് സമീപത്തെ ഉഗ്രൻകുന്നിൽ ഏറെക്കുറെ സജ്ജമായിട്ടുണ്ട്. 58 ലക്ഷം രൂപ ചെലവിട്ടാണ് അത്യാധുനിക സംവിധാനങ്ങളോടെ ഇവിടെ ശ്മശാനം സ്ഥാപിച്ചത്. എന്നാലിപ്പോഴും ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ആസ്ഥാന മന്ദിരം ഇനിയെന്ന്?
കൊട്ടാരക്കര നഗരസഭക്ക് ആസ്ഥാന മന്ദിരം ചന്തമുക്കിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർമ്മിക്കാൻ ആദ്യം ആലോചിച്ചു. പിന്നെ തീരുമാനം മാറ്റി. ഇപ്പോൾ കെ.ഐ.പിയുടെ ഉടമസ്ഥതയിലുള്ള 1.30 ഏക്കർ ഭൂമിയിൽ നിന്ന് രവിനഗറിൽ ബി.എസ്.എൻ.എൽ ടവറിന് എതിർവശമുള്ള 50 സെന്റ് ഭൂമി നഗരസഭയ്ക്ക് കെട്ടിടം നിർമ്മിക്കാനായി അനുവദിച്ചിട്ടുണ്ട്. ഭൂമി അനുവദിച്ച് മാസങ്ങളായിട്ടും നിർമ്മാണ ജോലികൾ തുടങ്ങാനായിട്ടില്ല.