കൊല്ലം: ബിവറേജസ് കോർപ്പറേഷന്റെ പുനലൂരിലെ മാനേജരെ ആക്രമിച്ച് താക്കോൽക്കൂട്ടവും ബാഗും തട്ടിയെടുത്തു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. പുനലൂർ സ്വദേശികളായ നാദിർഷ, വിഷ്ണുദേവ് എന്നിവരെയാണ് പുനലൂർ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ.എം.സുജ കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടത്. 2016 നവംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പുനലൂർ ജംഗ്ഷനിലുള്ള ബിവറേജസ് ഔട്ട്ലെറ്റിന്റെ മാനേജർ രാത്രി വീട്ടിലേക്ക് പോകും വഴി ആക്രമിച്ചുവെന്നായിരുന്നു കേസ്. രാത്രി 9ന് ശേഷം മദ്യം കൊടുക്കാഞ്ഞതിന്റെ വൈരാഗ്യത്തിൽ മാനേജരെ മൂന്ന് പേർ ബുള്ളറ്റിൽ പിന്തുടർന്ന് ഒഴിഞ്ഞ സ്ഥലത്ത് വച്ച് അടിച്ചുവീഴ്ത്തി ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. ഒരു പ്രതി മരണപ്പെട്ടതിനാൽ കേസിൽ നിന്ന് ഒഴിവാക്കി. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ഷിബു ആലുംകടയിൽ, അമ്മു ജയകുമാർ, നജ്മൽ റഹ്മാൻ,ബീന തോമസ് എന്നിവർ കോടതിയിൽ ഹാജരായി.