കൊല്ലം: പൗരത്വ സംരക്ഷണ നിയമ ഭേദഗതിക്കെതിരെ ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ പൗരത്വസംരക്ഷണ സദസിൽ മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞയുടനെ സദസ് കാലിയായതിൽ അതൃപ്തി തുറന്നു പറഞ്ഞ് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ അദ്ധ്യക്ഷനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് കടയക്കൽ അബ്ദുൾഅസീസ് മൗലവി.
7.40ന് ആരംഭിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം 8.40 ഓടെ അവസാനിച്ചു. തൊട്ടുപിന്നാലെ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പ്രസംഗിക്കാൻ എത്തിയപ്പോൾ മുന്നിൽ ഒഴിഞ്ഞ കസേരകളായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിച്ചതിന് പിന്നാലെ ഇടതുമുന്നണി പ്രവർത്തകർ സ്ഥലം വിട്ടു. ആരും പോകരുതെന്ന് അദ്ധ്യക്ഷൻ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. അബ്ദുൾ അസീസ് മൗലവിയും സദസ് കാലിയാകുന്നതിനെ വിമർശിച്ചിട്ടും അധികമാരും കേൾക്കാൻ തയ്യാറായില്ല. ഇതോടെ ദീർഘമായ പ്രസംഗത്തിന് മുതിരാതെ അദ്ദേഹം പ്രസംഗം ചുരുക്കി. പിന്നീട് സംസാരിക്കാനെത്തിയ മതപണ്ഡിതർ ഉൾപ്പെടെയുള്ളവരും വാക്കുകൾ ചുരുക്കി.