photo
മൂക്കുംപുഴ ക്ഷേത്ര സമർപ്പണത്തിന്റെ ഭാഗമായി നിരഞ്ജൻ പീഠാധീശ്വർ സ്വാമി കൈലാസാനന്ദഗിരി ജി മഹാരാജ് നിലവിളക്ക് തെളിക്കുന്നു

കരുനാഗപ്പള്ളി: ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ശ്രീമൂക്കുംപുഴ ദേവീ ക്ഷേത്രം ഇന്നലെ നാടിന് സമർപ്പിച്ചു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽനിരഞ്ജൻ പീഠാധീശ്വർ സ്വാമി കൈലാസാനന്ദഗിരി ജി മഹാരാജ് ക്ഷേത്രത്തിന്റെ സമർപ്പണം നിർവഹിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെ ക്ഷേത്രസന്നിധിയിൽ എത്തിയ സ്വാമിയെ വാദ്യഘോഷങ്ങളുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെയാണ് ക്ഷേത്ര സന്നിധിയിലേക്ക് ആനയിച്ചത്. ഭക്തജനങ്ങൾക്കൊപ്പം ക്ഷേത്രത്തിന് വലം വെച്ച സ്വാമി നിലവിളക്ക് തെളിച്ച ശേഷമാണ് ക്ഷേത്രത്തിന്റെ കവാടം തുറന്ന് നൽകിയത്. ക്ഷേത്രത്തിനുള്ളിൽ കടന്ന സ്വാമി ദേവിയെ തൊഴുത ശേഷം അനുഗ്രഹ പ്രഭാഷണത്തിനായി വേദിയിൽ എത്തി. തുടർന്ന് ഗുരുപൂജയും ആദരിക്കൽ ചടങ്ങും നടന്നു. മനുഷ്യ മനസുകളിൽ നല്ല ചിന്ത ഉണ്ടാകാൻ ദേവിയെ ഉപാസിക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടു. ചടങ്ങിൽ കരയോഗം പ്രസിഡന്റ് എം.വത്സലൻ അദ്ധ്യക്ഷനായി. പ്രകാശ് ശർമ്മ, രഞ്ജിത്ത് സിംഗ്, പ്രകാശ് സ്വാമി, സി.ചന്ദ്രബാബു എന്നിവർ സംസാരിച്ചു.