കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് കേസ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് മുൻപാകെ എത്തിയ സാഹചര്യത്തിൽ പ്രതികൾ അടുത്തമാസം 23ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകണം. ടി.എം.വർഗീസ് സ്മാരക ഓഡിറ്റോറിയത്തിൽ ഉടൻ ആരംഭിക്കുന്ന പുറ്റിങ്ങൽ വെടിക്കെട്ട് അപകട സ്‌പെഷ്യൽ കോടതിയിലേക്ക് കേസ് മാറ്രുന്നതിനു മുന്നോടിയായിട്ടാണ് പ്രതികൾ ഹാജരാകാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എം.ബി.സ്‌നേഹലത ഉത്തരവിട്ടിരിക്കുന്നത്.
കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ചുകൊണ്ട് 2016 ഏപ്രിൽ 9ന് രാത്രി പുറ്റിങ്ങൽ ക്ഷേത്രത്തിൽ മത്സര കമ്പം നടത്തി ദുരന്തം സൃഷ്ടിച്ചുവെന്നാണ് കേസ്. രാത്രി 11.56ഓടെ കമ്പത്തിന് തിരികൊളുത്തി. നിമിഷങ്ങൾക്കകം, ഒരു തൊഴിലാളിയുടെ കയ്യിൽ ഇരുന്ന അമിട്ടുപൊട്ടിത്തെറിച്ച് തീപ്പൊരി തെക്കേ കമ്പപ്പുരയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്കു വീണു. ഉഗ്ര സ്‌ഫോടനത്തോടെ കമ്പപ്പുര തകർന്നു. തുടർന്നുണ്ടായ സ്‌ഫോടനങ്ങളിൽ 150 പേർ മരിക്കുകയും 656 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
ക്രൈംബ്രാഞ്ച് എസ്.പി. ശ്രീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തി ഉത്സവ കമ്മിറ്റി മെമ്പർമാർ അടക്കം 1 മുതൽ 44 വരെയുള്ള പ്രതികൾക്കെതിരെ സ്ഫോടക നിയമത്തിന് പുറമേ കൊലക്കുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. ബാക്കിയുള്ള പ്രതികൾക്ക് ഐ.പി.സി വകുപ്പുകൾക്ക് പുറമെ സ്‌ഫോടക വസ്തു നിയമത്തിലെ വകുപ്പുകളും ചുമത്തിട്ടുണ്ട്. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ ആണ് ഹാജരാകുന്നത്