കൊല്ലം: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിട നിർമ്മാണാനുമതിക്ക് വേണ്ടിയുള്ള പ്ലാൻവരയ്ക്കൽ കേന്ദ്രങ്ങളാക്കുന്നതിനെതിരെ ലൈസൻസ്ഡ് എൻജി​നീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും നൂറുകണക്കിന് പേർ അണിനിരന്നു.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ധർണ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ കുരുവിള ജോസഫ്, ജില്ലാ പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, സെക്രട്ടറി എസ്.ബി. ബിനു, സംസ്ഥാന ട്രഷറർ ഗിരീഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി ബിനു സുബ്രഹ്മണ്യൻ, സംസ്ഥാന കമ്മിറ്റി അംഗം ശിവകുമാർ ബി.എസ്, ജില്ലാ ട്രഷറർ വി​. ബിനുലാൽ തുടങ്ങിയവർ സംസാരിച്ചു.

കുടുംബശ്രീ പ്ലാൻ ഫെസിലിറ്റേഷൻ സെന്ററുകൾ നിർത്തലാക്കുക, ലൈസൻസികളുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തുക, രണ്ട് തരം ലൈസൻസികളെ സൃഷ്ടിക്കാതിരിക്കുക, നിലവിലുള്ള എല്ലാ ലൈസൻസുകളും എംപാനൽ ലൈസൻസുകളാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും.