2023ൽ എത്തിയത് 4.42 ലക്ഷം ആഭ്യന്തര സഞ്ചാരികൾ
കൊല്ലം: ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകി ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ വർഷം 4.42 ലക്ഷം പേരാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 5.27 ശതമാനം വർദ്ധനവാണ് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്. മൺറോത്തുരുത്തിലാണ് എറ്രവുമധികം സന്ദർശകരെത്തിയത്.
11.33 ശതമാനത്തിന്റെ വർദ്ധനവാണ് ഒരുവർഷത്തിനിടെ ഉണ്ടായത്. ജില്ലയിലെ പ്രധാന ആകർഷണങ്ങളായ മൺറോത്തുരുത്ത്, സാമ്പ്രാണിക്കോടി, തെന്മല, ജടായുപാറ, അഷ്ടമുടിക്കായൽ എന്നിവയായിരുന്നു സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങൾ. ജലഗതാഗതവകുപ്പ് ആരംഭിച്ച സീ അഷ്ടമുടി ഡബിൾ ഡെക്കർ ബോട്ടും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായി. സർവീസ് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ വരുമാനം ഒരു കോടിയിൽ കവിയുകയും ചെയ്തു. ഡിസംബറിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത്. ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം ജില്ലയില്ലെത്തിയ സഞ്ചാരികളുടെ എണ്ണം 1.32 ലക്ഷമാണ്. 2022ൽ 4.20 ലക്ഷം പേർ ജില്ലയിലെത്തി.
വിദേശ സഞ്ചാരികളുടെ
എണ്ണത്തിലും വർദ്ധന
വിദേശ സഞ്ചാരകിളുടെ എണ്ണത്തിലും ഒരുവർഷത്തിനിടെ വർദ്ധനവുണ്ടായി. 2022ൽ 1283 വിദേശ സഞ്ചാരികളെത്തിയപ്പോൾ 2023ൽ എണ്ണം 4713 ആയി. ഡിസംബറിലാണ് വിദേശ സഞ്ചാരികളേറെയും എത്തിയത്. ജില്ലയിലേക്ക് കൂടുതൽ വിദേശ സഞ്ചാരികളെയും ആഭ്യന്തര സഞ്ചാരികളെയും ആകർഷിക്കാൻ ടൂറിസം വകുപ്പിന്റെ കീഴിൽ വിവിധ പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നത്.
2023ൽ ജില്ലയില്ലെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം
ജനുവരി: 37064
ഫെബ്രുവരി: 34969
മാർച്ച്: 36066
ഏപ്രിൽ: 30124
മെയ്: 33872
ജൂൺ: 29541
ജൂലൈ: 35355
ആഗസ്റ്റ്: 37774
സെപ്തംബർ: 34747
ഒക്ടോബർ: 41025
നവംബർ: 41855
ഡിസംബർ: 49839