പരവൂർ: ഒരു ഡോക്ടറെക്കൂടി പിൻവലിച്ചതോടെ അവതാളത്തിലായി നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം. എൻ.എച്ച്.എം മുഖേന നിയമിച്ച ഡോക്ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റി ഉത്തരവായത്. ഇതോടെ അത്യാഹിതവിഭാഗത്തിൽ ഡോക്ടർമാരുടെ എണ്ണം മൂന്നായി. ദിവസം മൂന്നു ഷിഫ്റ്റിൽ ഇതു മതിയാകാത്ത സ്ഥിതിയാണ്. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനമുൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് അത്യാഹിതവിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്നത്.
അപകടങ്ങൾ ധാരാളം സംഭവിക്കുന്ന പ്രദേശമായതിനാൽ അത്യാഹിതവിഭാഗത്തിൽ കേസുകൾ കൂടുതലാണ്. ഒ.പി സമയത്തിനുശേഷം വരുന്ന രോഗികളും ഇവിടേക്കാണ് എത്തുന്നത്. താലൂക്ക് ആശുപത്രിയായി 12 വർഷം കഴിഞ്ഞിട്ടും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനകളും മറ്റും വകുപ്പ് തലത്തിൽ നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
ആഴ്ചകൾക്കു മുമ്പ് ഒരു ഗൈനക്കോളജി ഡോക്ടറും സ്ഥലംമാറിപ്പോയി. പകരം നിയമനമുണ്ടായില്ല. സ്ഥിരം സൂപ്രണ്ട് സ്ഥലം മാറിപ്പോയി മാസങ്ങൾ കഴിഞ്ഞിട്ടും പകരം ആളെത്തിയിട്ടില്ല. മൂന്നുമാസംമുമ്പ് മന്ത്രി സന്ദർശനം നടത്തിയപ്പോൾ ആശുപത്രിയുടെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുന്നെങ്കിലും പരിഹരിക്കാൻ നടപടി ഉണ്ടായില്ല. സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവർത്തനം ഭാഗികമായതോടെ ഒ.പി, ഐ.പി, ലാബ് തുടങ്ങിയവയിൽനിന്ന് എച്ച്.എം.സി കമ്മിറ്റിക്ക് ലഭിച്ചിരുന്ന വരുമാനവും കുറഞ്ഞിരിക്കുകയാണ്.