പന്മന: കുട്ടികൾക്ക് മദ്ധ്യവേനലവധിയാണ്. പലരും ആവേശത്തോടെ കൂട്ടുകാർക്കൊപ്പം ജലാശയങ്ങളിൽ നിന്താനും കുളിക്കാനും പോകുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ കുട്ടികൾ അപകടത്തിൽ മുങ്ങിത്താഴുന്ന വാർത്തകളും വർദ്ധിച്ചുവരികയാണ്. അതിനാൽ ജലാശയങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണ സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം മേഖലയിലെ ജലാശയങ്ങളിൽ ഏഴോളം കുട്ടികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജലാശയങ്ങളിലെ ആഴം മനസിലാക്കാതെ നീന്തൽ പോലും അറിയാത്ത കുട്ടികൾ കൂട്ടംകൂടിയെത്തിയാണ് അപകടത്തിൽപ്പെടുന്നത്.
അരുതേ...അതിസാഹസികത
സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തിൽപ്പെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിലാക്കും. സെൽഫിയും റീൽസും പകർത്താനുള്ള ശ്രമത്തിനിടെയും അപകടങ്ങളുണ്ടാകുന്നത് പതിവായി. കഴിഞ്ഞവർഷം പനയനാർ കാവ് ക്ഷേത്രത്തിനു സമീപമുള്ള കുളത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു. വീടിന്റെ അത്താണി ആകേണ്ടുന്ന ഏക മകന്റെ ജീവൻ പൊലിഞ്ഞതിന്റെ വേദന ഇപ്പോഴും വീട്ടുകാരിൽ നിന്ന് വിട്ടു മാറിയിട്ടില്ല. സ്ഥലപരിചയംപോലുംമില്ലാതെ കുളിക്കാൻ എത്തുന്ന കുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിച്ചക്കേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു.
ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽ ചീളുകൾ, കുഴികൾ എന്നിവ അപകടമുണ്ടാക്കുന്നുണ്ട്. അപ്രതീക്ഷിത ഗർത്തങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്.
കുളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനുള്ള നടപടി ഉണ്ടാകണം. നിരവധി കുട്ടികളാണ് നീന്തി തുടിക്കാനും മറ്റും ജലാശയങ്ങളിൽ എത്തുന്നത്. ഇവരെ പിന്തിരിപ്പിച്ച് അയക്കാനുള്ള സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറാകണം.
അനിൽ പുത്തേഴം
സി.പി.ഐ ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി
പായൽ കയറിക്കിടക്കുന്ന ജലാശയങ്ങൾ വൃത്തിയാക്കി വശങ്ങളിൽ താത്കാലിക വേലി എങ്കിലും നിർമ്മിച്ച് അപകടങ്ങൾ ഒഴിവാക്കുവാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം .
മാമൂലയിൽ സേതു കുട്ടൻ
കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ്, പന്മന
കഴിഞ്ഞ തവണ നിരവധി കുട്ടികളുടെ ജീവനാണ് ജലാശയങ്ങളിൽ പൊളിഞ്ഞത്. അടിയന്തരമായി അധികൃതർ ഇടപെടണം. അപകടം ഒഴിവാക്കണം.
ചേനങ്കര അജയൻ
ബി.ജെ.പി മണ്ഡലം പ്രസിഡന്റ്