
കൊല്ലം: നിർമ്മാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരിക്കുന്ന കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയം എത്രയും വേഗം കായികതാരങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് നെറ്റ്ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അൻസർ അസീസ് ആവശ്യപ്പെട്ടു. നെറ്റ്ബാൾ അസോസിയേഷൻ നടത്തിയ വിവിധ ടൂർണമെന്റുകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.നജീബ് അദ്ധ്യക്ഷനായി. ആരോഗ്യ പ്രവർത്തകയായ മീരാറാണിയെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ജോഹർ, പ്രകാശ് പാത്തൂസ്, ശരത് രാജ്, അഭിഷേക് എന്നിവർ സംസാരിച്ചു. തെലങ്കാനയിൽ നടന്ന സൗത്ത് സോൺ നാഷണൽ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച വിനു എസ്.പ്രസാദിനും, മദ്ധ്യപ്രദേശിൽ നടന്ന ജൂനിയർ നെറ്റ്ബാൾ നാഷണലിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച മേഘരൺധീറിനെയും ചടങ്ങിൽ ആദരിച്ചു.