chenkileri
കുറ്റിച്ചെടികളും പാഴ്മരങ്ങളും വളർന്ന് തിങ്ങിയും പാഴ് വസ്തുക്കൾ നിറഞ്ഞും മലിനമായ ചൊവ്വള്ളൂർ ചെങ്കിലേരി കുളം.

എഴുകോൺ : ആവോളം വെള്ളമുണ്ടെങ്കിലും ആർക്കും പ്രയോജനപ്പെടാതെ ചൊവ്വള്ളൂർ ചെങ്കിലേരി കുളം. കടുത്ത വേനലിലും തുള്ളി വറ്റാത്ത ഈ കുളത്തിന്റെ ദുർഗതിക്ക് കാരണം അധികൃതരുടെ അവഗണനയാണ്. കരീപ്ര പഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിലാണ് ഈ കുളം. ചൊവ്വള്ളൂർ തേവരുപൊയ്ക ഏലായുടെ തലക്കുളമാണിത്. ഏറെ കാലം ഈ ഏലായെ നനച്ചിരുന്നത് ഇവിടെ നിന്ന് കൈ തോടിലൂടെയുള്ള നീരൊഴുക്കായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ നിന്നുള്ള ജലം കൃഷിക്ക് ഉപയോഗിക്കാൻ പദ്ധതിക്ക് രൂപം നൽകിയിരുന്നു. പമ്പ് ഹൗസും വലിയ മോട്ടോറും ഒക്കെ സ്ഥാപിച്ചെങ്കിലും വൈദ്യുത കണക്ഷൻ കിട്ടാതെ പദ്ധതി ചാപിള്ളയായി. കാലക്രമത്തിൽ മോട്ടോറും ഇരുമ്പ് പൈപ്പുകളും പമ്പ് ഹൗസിന്റെ കട്ടകളും കതകും അടക്കം ചില വിരുതന്മാർ കൈക്കലാക്കി.

ഹരിത തീർത്ഥം മോഡൽ വരണം

നിലവിൽ കുളത്തിലേക്ക് മനുഷ്യർക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കുപ്പികളും പാഴ് വസ്തുക്കളും നിറഞ്ഞ കുളത്തിൽ കുറ്റിച്ചെടികളും പാഴ്മരങ്ങളും വളർന്ന് തിങ്ങിയിട്ടുണ്ട്.

ഇപ്പോഴും കൃഷി സജീവമായ മേഖലയാണിത്. വെള്ളം കിട്ടാതെ വന്നതിനാൽ നെൽകൃഷി ഒഴിവാക്കി വാഴയും പച്ചക്കറികളുമാണ് നടുന്നത്.പലരും കിണറ് കുത്തി ജലസേചന മാർഗം കണ്ടെത്തുകയാണ്. സാമ്പത്തിക ശേഷിയില്ലാത്തവർക്ക് കൃഷി ഇറക്കാതെ തരിശിടാനേ നിവൃത്തിയുള്ളു.

കരീപ്രയിലെ പാറ ക്വാറിയിൽ അടുത്തിടെ നടപ്പാക്കിയ ഹരിത തീർത്ഥം മോഡൽ ഇവിടെ വിജയിപ്പിക്കാനാകുമെന്നാണ് കൃഷിക്കാർ പറയുന്നത്. സോളാർ എനർജി ഉപയോഗിച്ച് വെള്ളം കൃഷിക്കായി പമ്പ് ചെയ്ത് നൽകുന്നതാണ് ഹരിത തീർത്ഥം. കൃഷിക്കാരുടെ കൂടി പങ്കാളിത്തത്തോടെ ഇത് നടപ്പാക്കുക വഴി ഈ ജലാശയത്തിന്റെ ദുരവസ്ഥയ്ക്കും പരിഹാരമാകും.

ഹരിത തീർത്ഥം പദ്ധതി അനർട്ടിന്റെ സഹകരണത്തോടെ ജലസമൃദ്ധമായ ഏലാ തലക്കുളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ആശയം കരീപ്ര ഗ്രാമ പഞ്ചായത്ത് സമിതിക്കുണ്ട്. ഇത് പ്രാവർത്തികമായാൽ കാർഷിക മേഖലയ്ക്ക് പുതിയ ഉണർവാകും.