കിഴക്കേക്കല്ലട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തനത് വരുമാനം ട്രഷറിയിൽ നിക്ഷേപിക്കുന്നതോടെ ട്രഷറി നിയന്ത്രണത്തിന് വിധേയമാകുകയും അത്യാവശ്യത്തിന് പോലും സ്വന്തമായി തുക ചെലവഴിക്കാനാവത്ത സാഹചര്യത്തിലേക്ക് തദ്ദേശസ്ഥാപനങ്ങൾ മാറുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തെ കവർന്നെടുക്കുന്ന നടപടിയാണിതെന്നും പ്രവർത്തകർ ആരോപിച്ചു. പ്രതിഷേധ സമരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ലാലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് അദ്ധ്യക്ഷനായി. വികസന കാര്യസമിതി ചെയർപേഴ്സൺ റാണി സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ വിജയമ്മ, ശ്രീരാഗ് മഠത്തിൽ, മായാദേവി, ഉമാദേവി, ഷാജി മുട്ടം എന്നിവർ സംസാരിച്ചു.