കൃത്യമായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുന്നു

കൊല്ലം: പാരിപ്പള്ളി കുളമട കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലുണ്ടായ തീ പിടിത്തത്തിൽ കോടിക്കണക്കിന് രൂപയുടെ കെ ഫോൺ കേബിളുകൾ കത്തിനശിച്ചു. സബ് സ്റ്റേഷനിലെ ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി.

ഇന്നലെ രാവിലെ 11.15 ഓടെയാണ് സബ് സ്റ്റേഷന്റെ കുളമട- കൊട്ടാരക്കര റോഡിനോട് ചേർന്നുള്ള ഭാഗത്ത് കെ ഫോണിന്റെ ഫൈബർ ഒപ്ടിക്കൽ കേബിളുകൾ സൂക്ഷിച്ചിരുന്ന യാർഡിന് തീപിടിച്ചത്. ജീവനക്കാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് ആളിപ്പടർന്നു. ഇതിനിടെ തന്നെ വൈദ്യുതി വിച്ഛേദിച്ചതിനാൽ സബ് സ്റ്റേഷനിലേക്ക് തീ പടർന്നില്ല. തീപിടിത്തം ഉണ്ടായ സ്ഥലത്ത് നിന്നു ഏകദേശം 50 മീറ്റർ മാത്രം അകലെയാണ് സബ് സ്റ്റേഷൻ. പരവൂർ, കല്ലമ്പലം ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ എത്തി തീ കെടുത്തിയതിനാൽ സെക്ഷൻ ഓഫീസിലേക്കും ജീവനക്കാരുടെ ക്വാർട്ടേഴ്സുകളിലേക്കും തീപടർന്നില്ല. രണ്ട് യൂണിറ്റുകൾ മൂന്ന് മണിക്കൂറോളമെടുത്താണ് തീ പൂർണമായും കെടുത്തിയത്. ഫയർ ഫോഴ്സ് കൊണ്ടുവന്ന വെള്ളത്തിന് പുറമേ തീ കെടുത്താനായി പ്രദേശത്ത് നിന്നും വെള്ളം ശേഖരിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള കെ ഫോൺ ഒപ്ടിക്കൽ ഫൈബർ കേബിളുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പത്തിലധികം കേബിൾ റോളുകൾ അഗ്നിക്കിരയായെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ എട്ടോളം റോളുകൾ ചാമ്പലായി. കെ.എസ്.ഇ.ബി അസി. എക്സിക്യുട്ടീവ് എൻജിനിയറും കെ ഫോൺ അധികൃതരും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ പ്രാഥമികമായി വിലയിരുത്തി. പൂർണമായ നഷ്ടം കണക്കാക്കിയിട്ടില്ല.

കല്ലമ്പലം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ അഖിൽ, എസ്.ടി.ഒ പ്രദീപ്കുമാർ, എഫ്.ആർ.ഒമാരായ ഡി. വിനീഷ്‌കുമാർ, ഗ്രേഡ് എസ്.എഫ്.ആർ.ഒമാരായ വി.എസ്. ഷജീം, എഫ്.ആർ.ഒമാരായ എം. അരവിന്ദൻ, എൻ.എൽ. അനീഷ്, ടി.ആർ. സജുകുമാർ, ആർ. അരവിന്ദ്, എം. ശംഭു, എസ്. മിഥേഷ്, ആർ. അനന്തു, ഡി.എൽ. നിശാന്ത്, ആർ. സണ്ണി, ഹോം ഗാർഡുമാരായ നജീം, സുജിത്ത്, പരവൂർ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ടി.ഒ അനിൽകുമാർ, എഫ്.ആർ.ഒമാരായ ഷൈജുപുത്രൻ, എസ്. സുജിത്ത്, അനിൽ, അനൂപ്. എസ്. ആദർശ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.

വ്യക്തമല്ല കാരണം

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അതീവ സുരക്ഷാ കേന്ദ്രമായതിനാൽ സബ് സ്റ്റേഷന് ചുറ്റും വലിയ ഉയരത്തിലാണ് ചുറ്റുമതിൽ. ചുറ്റുമതിലിന് പുറത്ത് നിന്നു ഗേറ്റിന് അടുത്തേക്ക് തീ പടർന്നതിന്റെ ലക്ഷണമുണ്ട്. സബ് സ്റ്റേഷനിൽ നിന്നു ആകാശത്തേക്ക് വൻ പുക പടർന്നതോടെ പ്രദേശമാകെ പരിഭ്രാന്തിയിലായി. കേബിളുകൾ കരിഞ്ഞ് അസഹ്യമായ ദുർഗന്ധവും പടർന്നു. സംഭവം സംബന്ധിച്ച് കെ.എസ്.ഇ.ബി ആഭ്യന്തര അന്വേഷണം നടത്തിയേക്കും.