ഒരു മാസത്തിനിടെ ചികിത്സ തേടിയത് 9,910 പേർ
കൊല്ലം: കൊടും ചൂടിനൊപ്പം പകർച്ച വ്യാധികളും വൈറൽ പനിയും ജില്ലയിൽ പിടിമുറുക്കുന്നു. ഒരു മാസത്തിനിടെ പകർച്ച വ്യാധികൾ ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 9,910 ആണ്.
നിലവിൽ, സംസ്ഥാനത്ത് ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന ജില്ലകളിലൊന്നാണ് കൊല്ലം. രണ്ടാഴ്ചയായി 39- 40 ഡിഗ്രിയാണ് ചൂട്. വിവിധ തരം ത്വക്ക് രോഗങ്ങൾ വ്യാപിക്കുന്നതിനിടെയാണ് പകർച്ചവ്യാധികളും രൂക്ഷമായത്. ഒരു മാസത്തിനിടെ 150ലേറെ പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടി. എലിപ്പനി, കൊവിഡ്, എച്ച് വൺ എൻ വൺ, മലമ്പനി, റാബിസ്, ചിക്കൻ പോക്സ്, മലേറിയ, ചെങ്കണ്ണ്, ബ്രൂസെലോസിസ്, ഷിഗല്ല, മഞ്ഞപ്പിത്തം, വയറിളക്കം എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ചിൽ മഴ കാര്യമായി ലഭിക്കാതിരുന്നിട്ടും ഡെങ്കിപ്പനി ഉൾപ്പെടെയുള്ളവ പടരുന്നത് ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതർ കാണുന്നത്. കഴിഞ്ഞ 13നും 17നും സംസ്ഥാനത്ത് ഏറ്റവും അധികം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് കൊല്ലത്താണ്. ഇരവിപുരം, ശക്തികുളങ്ങര ഭാഗങ്ങളിലാണ് ഡെങ്കി പടർന്നു പിടിക്കുന്നത്. ശക്തികുളങ്ങര, പേരയം, കുണ്ടറ, പിറവന്തൂർ, ശൂരനാട്, കിളികൊല്ലൂർ, തെക്കുംഭാഗം, വെസ്റ്റ് കല്ലട എന്നിവിടങ്ങളിലും ഒരുമാസത്തിനിടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. കടുത്ത ചൂട് മൂലം നിർജലീകരണത്തിന് സാദ്ധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
എലിപ്പനി
ജില്ലയിൽ ഒൻപത് പേരാണ് എലിപ്പനി ബാധിച്ച് അടുത്തിടെ ചികിത്സ തേടിയത്. മൈനാഗപ്പള്ളി, ഓച്ചിറ, തേവലക്കര, ചാത്തന്നൂർ, കിളികൊല്ലൂർ മേഖലകളിലാണ് എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞമാസം കുമ്മിൾ ഭാഗത്ത് കന്നുകാലികളിൽ ബ്രൂസെലോസിസ് രോഗവും കണ്ടെത്തിയിരുന്നു. കന്നുകാലികളുമായി ഇടപഴകുന്നവർക്കിടയിലാണ് ബ്രൂസലോസിസ് പടരുന്നത്.
ചിക്കൻപോക്സ്
ഒരുമാസത്തിനിടെ ജില്ലയിൽ 125 പേർക്കാണ് ചിക്കൻപോക്സ് ബാധിച്ചത്. വാരിസെല്ല സോസ്റ്റർ എന്ന വൈറസാണ് രോഗം പരത്തുന്നത്. രോഗാരംഭത്തിൽ തല ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടും. തലയിലും ഉടലിലുമാണ് കൂടുതലും കാണപ്പെടുക. വായുവിലൂടെയാണ് രോഗം പകരുന്നത്. ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.
ചിക്കൻ പോക്സ് ലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, തൊണ്ടവേദന, ഛർദ്ദി, വിശപ്പില്ലായ്മ, ക്ഷീണം, ശരീരത്തിൽ ചൊറിച്ചിലും ചുവന്ന പാടുകളും
.......................................
ജില്ലയിൽ ഒരുമാസത്തിനിടെ പകർച്ചവ്യാധി ചികിത്സ തേടിയവരുടെ എണ്ണം: 9,910
കിടത്തി ചികിത്സയ്ക്കു വിധേയരായവർ: 136
ഡെങ്കി ബാധിതർ: 104
ചിക്കൻ പോക്സ് ബാധിതർ: 125
എലിപ്പനി ബാധിതർ: 9