കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രേരണാകുറ്റത്തിന് യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി സുരേഷിനെയാണ് (37) കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്തിലെ ഒരു കുഗ്രാമത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞമാസം 12 ന് വൈകിട്ട് 6 നാണ് പെൺകുട്ടി ജീവനൊടുക്കിയത്. അയൽവാസികളോടൊപ്പം തിരുവാതിര കളിക്കുകയായിരുന്ന കുട്ടി ഫോൺ കോൾ വന്നതിനെത്തുടർന്ന് വീട്ടിലേക്ക് കയറി. പിന്നീട് കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ സുരേഷിന്റെ നിരന്തര ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി. സുരേഷിനെ വീഡിയോ കോൾ ചെയ്തുകൊണ്ടാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശപ്രകാരം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്ന് ബോദ്ധ്യമായി. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നിരന്തരമായി നടത്തിയ അന്വേഷണത്തിൽ ഗുജറാത്തിലേക്ക് കടന്നതായി കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിലും
ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിലും എസ്.ഐമാരായ ഷിജു, ജിഷ്ണു, ഷാജിമോൻ, സന്തോഷ്, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.