അഞ്ചൽ: ചുട്ടുപൊള്ളുന്ന വേനലിൽ ഉരുകുകയാണ് ആളുകൾ. അതിനിടെ വൈദ്യുതി കൂടി മുടങ്ങിയാലോ? . പിന്നെ പറയുകയേ വേണ്ട. അഞ്ചൽ ടൗണിലും സമീപ പ്രദേശങ്ങളിലും അടിക്കടി ഉണ്ടാകുന്ന വൈദ്യുതിമുടക്കം കുറച്ചൊന്നുമല്ല നാട്ടുകാരെ വലയ്ക്കുന്നത്. പൊതു ജനങ്ങളെയും വ്യാപാരി വ്യവസായികളെയും ഓഫീസ് ജീവനക്കാരെയും എല്ലാം വൈദ്യുതി മുടക്കം ദുരിതത്തിലാക്കുന്നു. ദുഃഖവെള്ളി, ഈസ്റ്റർ തുടങ്ങിയ ദിവസങ്ങളിലും വൈദ്യുതി മുടക്കത്തിന് കുറവുണ്ടായിരുന്നില്ല. പള്ളികളിൽ പ്രാർത്ഥന നടക്കുന്ന സമയത്ത് പോലും വൈദ്യുതി മുടങ്ങിയത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി.
കൈയ്യൊഴിഞ്ഞ് അധികൃതർ
പള്ളി ഭാരവാഹികൾ അഞ്ചൽ ഈസ്റ്റ് സെക്ഷൻ വൈദ്യുതി ഓഫീസുമായി ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും ഫോൺ എടുക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. പരാതി പറഞ്ഞാൽ തന്നെ ടച്ചുവെട്ടിന്റെയും 11 കെ.വി ലൈൻ താകരാറിന്റെയും പേര് പറഞ്ഞ് അധികൃതർ ഒഴിയുകയാണ് പതിവ്. കടുത്ത ചൂടിൽ വൈദ്യുതി ഇല്ലാത്തതിനാൽ വീടിനകത്ത് ഇരിക്കാൻ പോലും നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ് നാട്ടുകാർ.