50 മീറ്ററോളം തീരം കടലെടുത്തു
കൊല്ലം: തിരുവനന്തപുരവുമായി ജില്ല അതിർത്തി പങ്കിടുന്ന കാപ്പിൽ മുതൽ ആലപ്പുഴയോടു ചേരുന്ന അഴീക്കൽ വരെയുള്ള തീരത്ത് അപ്രതീക്ഷിത കടൽക്ഷോഭം.
കാപ്പിൽ, അഴീക്കൽ, മുണ്ടയ്ക്കൽ, പരവൂർ തെക്കുംഭാഗം, പൊഴിക്കര, മയ്യനാട് താന്നി എന്നിവിടങ്ങളിൽ ഇന്നലെ രാവിലെയാണ് കടലാക്രമണം തുടങ്ങിയത്. ഉച്ചയോടെ ശക്തമായി. 50 മീറ്ററിലേറെ തീരം കടലെടുത്തു. കൊല്ലം ബീച്ചിനു സമീപം മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് അഞ്ചോളം വീടുകൾ പൂർണമായും തകർന്നു. മൊത്തം 25 ഓളം വീടുകൾ അടുത്ത കാലത്ത് ഇവിടെ തകർന്നിട്ടുണ്ട്. ഇത്രത്തോളം വീടുകൾ ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. സെന്റ് ജോർജ് ചാപ്പലിന്റെ ചുറ്റുമതിലും റോഡും തകർന്നു. ഇതോടെ ഇവിടെക്കുള്ള ഗതാഗതം തടസപ്പെട്ടു. വെടിക്കുന്ന്, സ്നേഹക്കുന്ന് ഭാഗങ്ങളിൽ രണ്ട് അങ്കണവാടികൾ തകർന്നു. കടലാക്രമണത്തിൽ മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും നശിച്ചു. വീട് തകർന്നതോടെ തൊട്ടടുത്തുള്ള വീടുകളിൽ ആളുകൾ അഭയം തേടി. കൈയിൽ കിട്ടിയ സാധനങ്ങൾ റോഡരികിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൊല്ലം ബീച്ചിൽ എത്തിയ സന്ദർശകരെ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് തടഞ്ഞു. ബീച്ചിലെ കച്ചവടക്കാരെ മറ്റിടങ്ങളിലേക്കു മാറ്റി. പാപനാശം വരെയുള്ള ഭാഗത്ത് പുലിമുട്ട് നിർമ്മിച്ചതോടെയാണ് സെന്റ് ജോർജ് പള്ളിക്കു സമീപ ഭാഗത്തെ പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മേയർ പ്രസന്ന ഏണസ്റ്റ്,കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ, കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്രി പ്രസിഡന്റ് ഡി.ഗീതാ കൃഷ്ണൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
കരിമണൽ കയറി റോഡ് മൂടി
കരുനാഗപ്പള്ളി ഭാഗത്ത് വെള്ളാനത്തുരുത്ത്, പണ്ടാരത്തുരുത്ത്, ചെറിയഴീക്കൽ സി.എഫ്.എ ഗ്രൗണ്ട്, ആലപ്പാട് സെന്റർ, ശ്രായിക്കാട്, ഭദ്രൻമുക്ക്, സമിതി മുക്ക്, കഴുകൻ തുരുത്ത് എന്നിവടങ്ങളിലാണ് കടൽക്ഷോഭം ഉണ്ടായത്. നിരവധി വീടുകളിൽ വെള്ളം കയറി. തിരമാലകൾക്കൊപ്പം കരയിലേക്ക് അടിച്ച് കയറിയ കരിമണൽ റോഡ് മൂടിയതോടെ ഗതാഗതം തടസപ്പെട്ടു. സംരക്ഷണ ഭിത്തികൾ തകർന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.ആലപ്പാട് പഞ്ചായത്തിന്റെ തീരങ്ങളിൽ സംരക്ഷണ ഭിത്തികൾ പൂർണ്ണമായും തകർന്ന് കിടക്കുകയാണ്. 2004 ലെ സുനാമി ദുരന്തത്തിന് ശേഷം പുതിയ കരിങ്കൽ ഭിത്തി നിർമ്മിക്കുന്നതിൽ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. നിലവിൽ പുലിമുട്ടുകൾ ഉള്ള ഭാഗത്ത് കടലാക്രമണത്തിന്റെ ശക്തി കുറവാണ്. വേലിയേറ്റ സമയത്ത് കള്ളക്കടൽ എന്ന പ്രതിഭാസം കൂടി ഉണ്ടായതാണ് കടൽക്ഷോഭം രൂക്ഷമാകാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു.
വേണം ജാഗ്രത
കേരളതീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും ഒരുദിവസം കൂടി തുടരും
ജില്ലയിൽ ക്യാമ്പുകൾ തുറക്കുന്നതുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയെന്ന് കളക്ടർ എൻ. ദേവീദാസ്
ആഴക്കടൽ മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ല
തീരത്തേക്ക് മടങ്ങിയെത്തുന്ന യാനങ്ങൾ ജാഗ്രത പുലർത്തണം
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യത ഉള്ളതിനാൽ അപകട മേഖലകളിലുള്ളവർ മാറി താമസിക്കണം
മത്സ്യബന്ധന ബോട്ട്, വള്ളം മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം
വല ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം
അടിയന്തിര സഹായങ്ങൾക്ക് ഫോൺ: 9447677800