അഞ്ചാലുംമൂട്: വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് പനയം പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ 1000ത്തോളം കുടുംബങ്ങൾ. താന്നിക്കമുക്ക്, പാമ്പാലിൽ, കണ്ടച്ചിറ എന്നീ വാർഡുകളിലാണ് ആഴ്ചകളായി കുടിവെള്ളം കിട്ടാക്കനിയായിരിക്കുന്നത്. പനയം പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കണ്ടച്ചിറ ഭാഗത്ത് കേടായ പഴയ കുഴൽക്കിണറിന് പകരം പുതിയ കുഴൽകിണർ ആറ് മാസം മുമ്പ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. എന്നാൽ കുഴൽക്കിണർ പ്രവർത്തിക്കുന്നതിന് ആവശ്യമായ പമ്പ് സെറ്റ് എത്തിക്കാതായതോടെ പ്രദേശങ്ങളിൽ വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
നിലവിൽ ദൂരസ്ഥലങ്ങളിൽ പോയി കുടിവെള്ളം ശേഖരിച്ചാണ് വാർഡുകളിലെ കുടുംബങ്ങൾ ഉപയോഗിക്കുന്നത്. ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളം തികയുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. മൂന്ന് വാർഡുകളിലുമുള്ള കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്യാൻ പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.
വെള്ളം വിലകൊടുത്ത് വാങ്ങണം
ദൈനംദിന ആവശ്യങ്ങൾക്കും മറ്റും വലിയ വിലകൊടുത്ത് സ്വകാര്യടാങ്കറുകളിൽ നിന്ന് വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. ഇത് മൂലം നടുവൊടിക്കുന്ന കുടുംബ ബഡ്ജറ്റിനൊപ്പം കുടിവെള്ളത്തിന് മാത്രമായി ഭീമമായ തുക കണ്ടെത്തേണ്ടി വരുന്നു. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. എത്രയും വേഗം പമ്പ് സെറ്റ് എത്തിച്ച് കുഴൽകിണർ പ്രവർത്തന സജ്ജമാക്കി കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെള്ളത്തിന്റെ ഗുണനിലവാരം
പരിശോധിക്കാൻ സംവിധാനമില്ല
കുടിവെള്ളക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ കുടുംബങ്ങൾ വിലകൊടുത്ത് വാങ്ങുന്ന സ്വകാര്യ ടാങ്കറുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനാകാത്ത സ്ഥിതിയാണ്. നിരവധികുടുംബങ്ങളാണ് ഇത്തരരത്തിൽ സ്വകാര്യടാങ്കറുകളെ ആശ്രയിക്കുന്നത്. കഴിഞ്ഞ മാസം പകുതിയോടെയാണ് താന്നിക്കമുക്ക്, പാമ്പാലിൽ, കണ്ടച്ചിറ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങിയത്.