എഴുകോൺ: എഴുകോൺ മാടൻകാവ് മഹാദേവർ ക്ഷേത്രത്തിൽ അശ്വതി ഉത്സത്തിന് തുടക്കമായി. സ്റ്റേജ് പരിപാടികളുടെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും സിനിമ നിർമ്മാതാവുമായ വിനായക എസ്.അജിത്കുമാറും വൈദ്യുത ദീപാലങ്കാര വിസ്മയ കാഴ്ചകളുടെ സ്വിച്ച് ഓൺ തന്ത്രി വിനോദ് ശർമ്മയും നിർവഹിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് വി. മന്മഥൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി. സജീവ്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് ആർ. വിജയ പ്രകാശ്, സെക്രട്ടറി എസ്. സുനിൽകുമാർ, പ്രസന്ന തമ്പി തുടങ്ങിയവർ പങ്കെടുത്തു. ഇന്നു രാവിലെ 8.10 ന് മഹാ മൃത്യുഞ്ജയ ഹോമം, രാത്രി 7ന് നൃത്തവിസ്മയം. ആറിന് വൈകിട്ട് 6.30ന് എഴുകോൺ എസ്.എൻ.ഡി.പി ശാഖ നൃത്ത വിദ്യാലയത്തിൻെ നടന വിസ്മയത്തിന് കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഭദ്രദീപം തെളിക്കും. കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും അദ്ദേഹം നിർവഹിക്കും. ഏഴിന് വൈകിട്ട് 6.25 ന് ലക്ഷദീപ സമർപ്പണത്തിന് ക്ഷേത്രം പ്രസിഡന്റ് വി. മന്മഥൻ ആദ്യ ദീപം തെളിക്കും. എട്ടിന് വൈകിട്ട് 6.30 ന് ചന്ദ്രപൊങ്കലിന് എഴുകോൺ പ്രസന്ന വിലാസം ബംഗ്ലാവിൽ സുഭദ്ര വാസുദേവൻ ഭദ്രദീപം തെളിക്കും. അശ്വതി ദിനമായ 9 ന് വൈകിട്ട് 3 മുതൽ കെട്ടുകാഴ്ചയോട് കൂടിയ എഴുകോൺ പൂരത്തിൽ ഗജവീരന്മാർ, തൃശൂർ പുലികളി, പഞ്ചവാദ്യം, ബാന്റ്മേളം, ശിങ്കാരിമേളം, വണ്ടിക്കുതിരകൾ, 21 ൽ പരം ഫ്ലോട്ടുകൾ, തെയ്യം, പൂക്കാവടി എന്നിവ അണിനിരക്കും.