naya-1
ചൂരക്കാട്ടുര പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന നായകൾ.

തൃശൂർ: അമല നഗറിന് സമീപമുള്ള ചൂരക്കാട്ടുകര നിവാസികളുടെ ഉറക്കം കെടുത്തുകയാണ് തെരുവ് നായക്കൂട്ടം. രാപ്പകൽ വ്യത്യാസമില്ലാതെയാണ് ചൂരക്കാട്ടുകര അയ്യപ്പൻകാവ് പ്രദേശത്തും മാങ്കുളം, തളവരി പ്രദേശങ്ങളിലും തെരുവ് നായ്ക്കൾ വിലസുന്നത്. അടാട്ട്, കൈപ്പറമ്പ് പഞ്ചായത്തുകൾ പങ്കിടുന്ന പ്രദേശമാണ് ചൂരക്കാട്ടുകര. എന്നാൽ തെരുവ് നായ ശല്യത്തിൽ പരസ്പരം പഴിചാരുകയാണ് ഇരു പഞ്ചായത്തുകളും. ജനജീവിതത്തിന് ഭീഷണിയായി 20 ലേറെ നായകളാണ് ഇവിടെ തമ്പടിക്കുന്നത്. കഴുത്തിൽ ബെൽറ്റിട്ടതും ഫംഗസ് ബാധിച്ച് ദേഹമാസകലം ചൊറിഞ്ഞ് നടക്കുന്നവയും വിവിധ ഭാഗങ്ങളിൽ ശരീരം പൊട്ടിയൊലിക്കുന്നവയും കൂട്ടത്തിലുണ്ട്. കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഏറെ ദുരിതമാണ് ഈ നായകൾ. അംഗൻവാടികളിലേക്കും സ്‌കൂളിലേക്കും പോകുന്ന കുട്ടികളെയടക്കം നായ്ക്കൂട്ടം പലപ്പോഴും ആക്രമിക്കാൻ മുതിരുന്നുണ്ട്. പ്രഭാതസവാരിക്കാർക്കും പാൽ, പത്രം വിതരണക്കാർക്കും നായക്കൂട്ടം ഭീതി വിതയ്ക്കുകയാണ്. രാത്രികാലങ്ങളിൽ ഈ വഴി കാൽനടയാത്ര ഭീകരമായിരിക്കയാണ്. കാൽനടയാത്രക്കാരെ തെരുവ് നായകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് പതിവാണ്. ഇതിന് പുറമെ രാത്രികാലങ്ങളിൽ വാഹനങ്ങൾക്ക് മുമ്പിലേക്ക് ചാടി വീഴുന്നതും പതിവാണ്. തദ്ദേശ സ്ഥാപനങ്ങൾ തെരുവ് നായകളെ വന്ധ്യംകരണം നടത്തുകയും വാക്‌സിനേഷൻ ചെയ്യുകയും ചെയ്യണമെന്നിരിക്കെ അടാട്ട്, കൈപ്പറമ്പ് പഞ്ചായത്തുകളിൽ അതെല്ലാം ചടങ്ങായി മാത്രം മാറി. ഇതോടെയാണ് തെരുവ് നായകൾ പെറ്റ് പെരുകിയത്. അമല ആശുപത്രി ജംഗ്ഷനിലും സ്ഥിതി മറിച്ചല്ല. രാത്രികാലങ്ങളിൽ ആശുപത്രി ജംഗ്ഷനിൽ ബസ് ഇറങ്ങുന്നവരെ നായകൾ ആക്രമിക്കാറുണ്ട്.


പരസ്പരം പഴിചാരി പഞ്ചായത്തുകൾ

അടാട്ട്, കൈപ്പറമ്പ് പഞ്ചായത്തുകൾ പങ്കിടുന്ന പ്രദേശമാണ് ചൂരക്കാട്ടുകര. ഇവിടെയാണ് തെരുവ് നായ ശല്യം രൂക്ഷം. എന്നാൽ തെരുവ് നായ ശല്യത്തിൽ പരസ്പരം പഴിചാരുകയാണ് ഇരു പഞ്ചായത്തുകളും. അടാട്ട് പഞ്ചായത്തിലെ നായകളാണ് പ്രദേശത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് കൈപ്പറമ്പ് പഞ്ചായത്തും കൈപ്പറമ്പ് പഞ്ചായത്ത് തെരുവ് നായകളെ നിയന്ത്രിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് പ്രശ്‌നത്തിന് കാരണമെന്ന് അടാട്ട് പഞ്ചായത്തും പറയുന്നു. ഏത് പഞ്ചായത്തായാലും തെരുവ് നായ ശല്യത്തിന് അറുതി വരുത്തി തങ്ങളുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യമാണ് ചൂരക്കാട്ടുകര നിവാസികൾക്ക്.