
മാള : സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സ്വകാര്യ ചിട്ടി കമ്പനികൾ പ്രവർത്തിക്കുന്ന തൃശൂരിൽ ചിട്ടിയുമായി ബന്ധപ്പെട്ടുള്ള തർക്കം പരിഹരിക്കാനാരംഭിച്ച ആർബിട്രേഷൻ ഓഫീസിന്റെ പ്രവർത്തനം ഇപ്പോഴും തുലാസിൽ. തൃശൂർ ഓഫീസിലെ രണ്ട് ചിട്ടി ആർബിട്രേറ്റർമാരുടെയും നാല് ക്ലർക്കുമാരുടെയും തസ്തികയുടെ കാലാവധി ഈ മാർച്ചിൽ അവസാനിക്കുന്നതോടെ തുടർപ്രവർത്തനങ്ങൾ സ്തംഭിക്കും. പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും ഉത്തരവുകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല. മാർച്ചിന് ശേഷമുള്ള കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ അടിയന്തരമായി നടപ്പാക്കേണ്ട ജപ്തികൾ പോലും നടത്താനാകാത്ത അവസ്ഥയാണ്. ജപ്തി നടപടികൾ സ്വീകരിക്കാതെ വന്നാൽ ചിട്ടി സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും. ആർബിട്രേഷൻ കേസിലെ അവാർഡ് പകർപ്പുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയ ലഭിക്കാതെ വന്നാലും തുടർ നടപടികൾ വൃഥാവിലാകും.
കഴിഞ്ഞവർഷം ഈ നടപടികളിലൂടെ കമ്പനികൾക്ക് കിട്ടാനുള്ള സംഖ്യയുടെ രണ്ട് ശതമാനമെന്ന നിലയിൽ 80 ലക്ഷം രൂപയാണ് സർക്കാരിലേക്ക് ലഭിച്ചത്. 1500ഓളം കേസാണ് വർഷം തൃശൂർ ഓഫീസിലെത്തുന്നത്. കോടതി വഴി മൂന്ന് കൊല്ലം കൊണ്ട് തീരുമാനമാകാത്ത കേസാണ് ആർബിട്രേറ്റർ വഴി ആറ് മാസം കൊണ്ട് തീർപ്പാകുന്നത്. പ്രതിസന്ധി സംബന്ധിച്ച് മന്ത്രി, ചീഫ് സെക്രട്ടറി, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി, രജിസ്‌ട്രേഷൻ ഐ.ജി എന്നിവർക്ക് മാള കാത്തലിക് സോഷ്യൽ ഫോറം ചിട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ഷാന്റി ജോസഫ് തട്ടകത്ത് പരാതി നൽകിയിരുന്നു. 2023ലും ഇതേ പ്രതിസന്ധി ഉണ്ടായതോടെ, ഷാന്റി ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് തുടർനടപടിയുണ്ടായത്. തുടർന്ന് മന്ത്രിസഭ ഉത്തരവിറക്കി. 2012ൽ കേന്ദ്ര ചിട്ടി നിയമം വന്നതോടെയാണ് ചിട്ടി സംബന്ധമായ കേസുകൾ സിവിൽ കോടതികളിൽ നിന്ന് മാറി ആർബിട്രേഷൻ നടപടികളിലേക്ക് മാറിയത്.
പിന്നിട്ടു, ചിട്ടിയുടെ സൗവർണകാലം
ഒരുകാലത്ത് സ്വകാര്യ ചിട്ടിക്കമ്പനികളുടെ പറുദീസയായിരുന്നു തൃശൂർ. അന്നന്നത്തെ വരുമാനം സൂക്ഷിച്ചുവച്ച് ചിട്ടിപ്പണം കൊണ്ട് ചെറുതായി ബിസിനസ് ആരംഭിച്ച് പലരും തൃശൂരിൽ കോടീശ്വരന്മാരായിട്ടുണ്ട്. കുറെയേറെ പേർക്ക് തൊഴിലിലൂടെ വരുമാനവും ലഭിച്ചിരുന്നു.
നൂറ്റാണ്ട് പഴക്കമുള്ള ചിട്ടിക്കമ്പനികൾ വരെ തൃശൂരുണ്ട്. തൃശൂരിന്റെ മുഖമുദ്ര കൂടിയായിരുന്നു ഈ കമ്പനികൾ. ആ ചരിത്രം പിൻപറ്റിയാണ് കെ.എസ്.എഫ്.ഇയുടെ ആസ്ഥാനവും തൃശൂരിലായത്. ഒരു കാലത്ത് 1500 ഓളം സ്വകാര്യ ചിട്ടികമ്പനികൾ ഇവിടെ പ്രവർത്തിച്ചിരുന്നു. മാറി മാറി വന്ന നിയമങ്ങളും സാമ്പത്തിക പ്രതിസന്ധികളും എല്ലാം കൂടി മേഖലയെ തകർത്തപ്പോൾ എണ്ണം 650ൽ താഴെയായി.