തൃശൂർ: ലോകചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സംസ്‌കാരത്തിന്റെ ആഴങ്ങളിലിറങ്ങി മഹത്തായ രചനകൾ സമർപ്പിച്ച പണ്ഡിതനായ ജർമൻ മിഷണറി അർണോസ് പാതിരി, ഇന്നും തിരുവനന്തപുരം ലയോള കോളേജ് വളപ്പിൽ നിൽക്കുന്ന വെറുമൊരു പ്രതിമ. 1995 മാർച്ചിൽ പ്രതിമ നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപ സർക്കാർ നൽകിയ ശേഷം തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ സ്ഥാപിക്കുന്നതിനായി ഉത്തരവിട്ടിരുന്നു. എന്നാൽ അത് നടന്നില്ല. നൂറ്റാണ്ടുകളായി മലയാളികൾ പാടിവരുന്ന അർണോസ് പാതിരിയുടെ പുത്തൻപാന, സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയും ഫയലിലാണ്. അദ്ദേഹത്തിന്റെ ജീവചരിത്രവും കൃതികളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.
അർണോസ് പാതിരിയുടെ നാമത്തിൽ പ്രവർത്തിക്കുന്ന ഈശോസഭ വൈദികർ നേതൃത്വം നൽകുന്ന വേലൂരിലെ അർണോസ് പാതിരി അക്കാഡമിക്ക് പ്രത്യേക വാർഷിക ഗ്രാൻഡ് അനുവദിക്കണമെന്നും, 53 വർഷമായി അർണോസ് പാതിരിക്ക് വേണ്ടി ജീവിതം സമർപ്പിച്ച ജോൺ കള്ളിയത്ത് മുഖ്യമന്ത്രി പങ്കെടുത്ത തൃശൂരിലെ മുഖാമുഖം പരിപാടിയിൽ നിവേദനം നൽകിയിരുന്നു. പ്രതിമ തൃശൂരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.
സംസ്‌കൃതഭാഷ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായിരുന്ന കാലത്ത് വിദേശികൾക്കു വേണ്ടിയും ബ്രാഹ്മണരല്ലാത്തവർക്കു വേണ്ടിയും അദ്ദേഹം തയ്യാറാക്കിയ സംസ്‌കൃത വ്യാകരണമാണ് 'ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക'. മലയാളഭാഷയിലും നിരവധി രചനകളുണ്ട്.
അർണോസ് പാതിരി ഭാരതീയ വിജ്ഞാനം വിദേശങ്ങളിൽ എത്തിച്ച സഞ്ചാരിയാണെന്നും കേവലമൊരു പണ്ഡിതനല്ല സമുദ്രം തന്നെയാണെന്നും സുകുമാർ അഴീക്കോട് മുൻപ് അഭിപ്രായപ്പെട്ടിരുന്നു.
തമിഴ് ഭാഷയ്ക്കുവേണ്ടി പ്രവർത്തിച്ച വിദേശമിഷണറിമാരായ ജോസഫ് ബെസ്‌ക്കി, ഡി. നൊബിലി തുടങ്ങിയവരുടെ പ്രതിമകൾ ചെന്നൈ മറീനബീച്ച്, മധുര തുടങ്ങിയ സ്ഥലങ്ങളിൽ തമിഴ്‌നാട് സർക്കാർ സ്ഥാപിച്ചിട്ടുണ്ട്.
സംസ്‌കൃത - മലയാള ഭാഷകൾക്കു വേണ്ടി നിരവധി രചനകൾ നടത്തി 1732ൽ അന്തരിച്ച ഈ മഹാമിഷണറിയെ കണ്ടില്ലെന്ന് നടിക്കുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്.
- ജോൺ കള്ളിയത്ത്