പുത്തൻചിറ: സ്‌കൂൾ കെട്ടിടത്തിൽ കുട്ടികൾ തന്നെ നട്ട് വളർത്തിയ കൂൺ ഇനി പുത്തൻചിറ ഗവ. വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം ഇഷ്ടവിഭവമായുണ്ടാകും. സ്‌കൂളിലെ കാർഷിക ക്ലബ്ബിന്റേയും ഇക്കോ ക്ലബ്ബിന്റേയും നേതൃത്വത്തിൽ 10 കുട്ടികൾക്ക് കൂൺകൃഷിയിൽ പരിശീലനം നൽകുകയും കൂൺകൃഷി തുടങ്ങുകയുമായിരുന്നു. പ്രധാനാദ്ധ്യാപകൻ കെ.കെ. സുരേഷും ഇക്കോ ക്ലബ് കോ-ഓർഡിനേറ്റർ സൂനം വി.ആനന്ദും കുട്ടികളിൽ കാർഷികാഭിരുചി വളർത്തുന്ന കൂൺ കൃഷിക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി ഒപ്പമുണ്ട്. സ്‌കൂളിലെ കൂൺകൃഷി സജീവമായതോടെ ഉച്ച ഭക്ഷണത്തിൽ മിക്കവാറും ദിവസങ്ങളിൽ കൂൺ കറിയുണ്ടാകും. കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുന്നതോടൊപ്പം കാർഷിക അഭിരുചി വളർത്താനും അത് ഉപകരിക്കുന്നു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവരിൽ നിന്നും കൂൺ കിറ്റുകൾക്ക് ആവശ്യക്കാർ ഏറിവരുന്നതുകൊണ്ട് അടുത്ത അദ്ധ്യയന വർഷം മുതൽ വ്യാവസായികമായി കൂൺ കൃഷി നടത്താനാണ് ഉദ്ദേശം.