കൊടുങ്ങല്ലൂർ: കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് അഴിക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ടീം ഒരുക്കുന്ന കരുതൽ ചില്ലറയല്ല. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യബന്ധന യാനങ്ങളേയും മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്താൻ 24 മണിക്കൂറും സീ റെസ്‌ക്യൂ ടീം സജ്ജമാണ്. മറൈൻ എൻഫോഴ്‌സന്റ് ആൻഡ് വിജിലൻസ് വിംഗിനൊപ്പം ഗോവൻ വാട്ടർ സ്‌പോർട്‌സിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സീ റെസ്‌ക്യൂ ടീമും രക്ഷാപ്രവർത്തനത്തിനുണ്ട്. 855 മത്സ്യത്തൊഴിലാളികളുടെ ജീവനാണ് ഇതിനകം രക്ഷിച്ചത്. നാല് മീറ്റർ വരെ തിരമാലകൾ ഉയരാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ളപ്പോഴും കടലിൽ ബോട്ടിറക്കി സാഹസികമായാണ് മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നത്. പ്രൊപ്പല്ലറിൽ വല കുടുങ്ങിയും മറ്റു സാങ്കേതിക തകരാറും ഇന്ധനം തീരുന്നതുമാണ് ബോട്ടുകളുടെയും വള്ളങ്ങളുടെയും എൻജിൻ നിലയ്ക്കാൻ കാരണമാകുന്നത്.
ഒരാളുടെയും ജീവൻ നഷ്ടമാകരുത് എന്ന ലക്ഷ്യത്തോടെ ഒരു വർഷം മുമ്പാണ് ഫിഷറീസ് വകുപ്പിന് കീഴിൽ മറൈൻ എൻഫോഴ്‌സെമെന്റ് ആൻഡ് വിജിലൻസ് വിംഗ് രൂപീകരിച്ചത്. സേനയുടെ സംഘബോധവും മനക്കരുത്തുമൂലം ഇതുവരെ ഒരു രക്ഷാപ്രവർത്തനവും പരാജയപ്പെട്ടിട്ടില്ല. ഫിഷറീസ് അസി. ഡയറക്ടർ എം.എഫ്. പോളിന്റെ നേതൃത്വത്തിലാണ് ഫിഷറീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗിൽ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽ കുമാർ എന്നീ ഓഫീസർമാരും എ.എഫ്.ഇ.ഒ: സംന ഗോപൻ, മെക്കാനിക് ജയചന്ദ്രൻ, രാംകുമാർ, സൂര്യ എന്നിവരും സീറെസ്‌ക്യൂ ഗാർഡുമാരും പ്രവർത്തിച്ചു വരുന്നു.
49 രക്ഷാപ്രവർത്തനങ്ങൾ, 31 നിയമ ലംഘനങ്ങൾ