തൃശൂർ: അവകാശികളായ മുഴുവൻ പേരെയും ഭൂമിയുടെ ഉടമസ്ഥരാക്കുകയാണ് ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. മലയോര പട്ടയ വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിന് മുന്നിൽ വനം-റവന്യൂ വകുപ്പുകൾ സംയുക്തമായി ഇടപെട്ടപ്പോൾ അർഹതയുള്ള എല്ലാവർക്കും ജോയിന്റ് വെരിഫിക്കേഷൻ നടത്താൻ പുതിയ അപേക്ഷകർക്ക് അനുവാദം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ഒല്ലൂരിൽ 2011-16ൽ 19 പട്ടയങ്ങളാണ് ലഭിച്ചതെങ്കിൽ 2018- 23ൽ അത് 2178 പട്ടയങ്ങളാണെന്നും മന്ത്രി പറഞ്ഞു. വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ കുടിയേറിയവരിൽ പട്ടയം ലഭിക്കാത്തവരുടെ വിവരശേഖരണമാണ് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, മിനി ഉണ്ണിക്കൃഷ്ണൻ, പി.പി.രവീന്ദ്രൻ, ഇന്ദിര മോഹൻ തുടങ്ങിയവർ പങ്കെടുത്തു.