തൃശൂർ : ലോകസഭയിലേക്ക് ആകെയുള്ള 20 സീറ്റിൽ ഇടതിനായി മത്സരിക്കാനിറങ്ങുന്നവർ അഞ്ച് തൃശൂരുകാർ. തൃശൂർ, ആലത്തൂർ, പൊന്നാനി, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളിലാണ് ജില്ലയിൽ നിന്നുള്ളവർ മത്സരിക്കുന്നത്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ (പാലക്കാട് ), സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമായ കെ.രാധാകൃഷ്ണൻ (ആലത്തൂർ), മുസ്‌ളിം ലീഗ് സംസ്ഥാന സെക്രട്ടറി പദം രാജി വച്ച് സി.പി.എമ്മിലെത്തിയ കെ.എസ്.ഹംസ (പൊന്നാനി), സി.പി.ഐ സംസ്ഥാന കൗൺസിലംഗം വി.എസ്.സുനിൽ കുമാർ (തൃശൂർ), പ്രൊഫ.സി.രവീന്ദ്രനാഥ് (ചാലക്കുടി) എന്നിവരാണ് മത്സരരംഗത്തുള്ളത്.
എ.വിജയരാഘവനൊഴികെ എല്ലാവരുടേതും ലോക്‌സഭയിലേക്കുള്ള കന്നി മത്സരമാണ്. വിജയരാഘവൻ മലപ്പുറത്താണ് ജനിച്ചതെങ്കിലും കാലങ്ങളായി തൃശൂരിലാണ് താമസം. വിജയരാഘവൻ 1989 ൽ പാലക്കാട് നിന്നും വിജയിച്ചിട്ടുമുണ്ട്. അഖിലേന്ത്യാ കർഷക സംഘം നേതാവായിരുന്നു. ഇടതുമുന്നണി കൺവീനറായി പ്രവർത്തിച്ചിട്ടുള്ള എ.വിജയരാഘവൻ കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അവധിയെടുത്തപ്പോൾ പാർട്ടി ആക്ടിംഗ് സെക്രട്ടറിയുമായി. രാജ്യസഭാംഗവുമായി. മന്ത്രി ആർ.ബിന്ദുവിന്റെ ഭർത്താവുമാണ്. ഇ.കെ.നായനാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ 2001-06 കാലയളവിൽ പ്രതിപക്ഷ ചീഫ് വിപ്പായി. 2006-11ൽ നിയമസഭാ സ്പീക്കറായി. ദളിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റുമാണ്. വി.എസ്.സുനിൽ കുമാറും രവീന്ദ്രനാഥും ഒന്നാം പിണറായി മന്ത്രിസഭയിലെ കൃഷി, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരായിരുന്നു. പൊന്നാനിയിൽ മത്സരിക്കുന്ന കെ.എസ്.ഹംസ മുസ്ലീം ലീഗ് നേതൃത്വവുമായി അകന്നതിന് പിന്നാലെ സി.പി.എമ്മുമായി അടുത്തു. തൃശൂരിലെ മലബാർ എൻജിനിയറിംഗ് കോളേജ്, ഇഖ്‌റാ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ചെയർമാനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അറഫ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളും ബി.എഡ് കോളേജും പ്രവർത്തിക്കുന്നുണ്ട്. സുനിൽ കുമാറിനും രാധാകൃഷ്ണനും മാത്രമേ സ്വന്തം മണ്ഡലത്തിൽ വോട്ടുള്ളൂ. രവീന്ദ്രനാഥിന് ജില്ലയിലുൾപ്പെടുന്ന മണ്ഡലത്തിലാണ് മത്സരമെങ്കിലും വോട്ട് തൃശൂർ മണ്ഡലത്തിലാണ്. ഹംസയ്ക്കും വിജയരാഘവനും ജില്ലയ്ക്ക് പുറത്താണ് മത്സരം.