തൃശൂർ: മാസങ്ങൾ കാത്തിരിക്കണം, നെല്ല് വിറ്റ തുക ലഭിക്കാൻ. ഇതിനിടെ വയ്ക്കോലിന് കൂടി വിലയില്ലാതായതോടെ മുണ്ടകൻ കൃഷിയിറക്കിയവർ ദുരിതത്തിൽ. പാടശേഖരങ്ങളിൽ ആയിരക്കണക്കിന് വയ്ക്കോൽ കെട്ടുകളാണ് വാങ്ങാനാളില്ലാതെ കിടക്കുന്നത്. കഴിഞ്ഞ തവണ 200 - 210 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്ന വയ്ക്കോൽ കെട്ടുകൾ വെറും നൂറുരൂപയ്ക്കാണ് ഇപ്പോൾ വിറ്റുപോകുന്നത്. ഇതുതന്നെ നിർബന്ധിച്ച് പലരെ കൊണ്ടും എടുപ്പിക്കുന്നതാണെന്ന് കർഷകർ പറയുന്നു.
മുണ്ടകൻ കൊയ്ത്തിന്റെ തുടക്കത്തിൽ പലർക്കും 150 രൂപ വരെ വില ലഭിച്ചിരുന്നു. പിന്നീടാണ് വിലയിടിഞ്ഞത്. വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം പലയിടത്തും കാലതാമസം കുറഞ്ഞ വിത്താണ് വിതച്ചിരുന്നത്. 30,000 ഹെക്ടർ സ്ഥലത്താണ് ജില്ലയിൽ നെൽക്കൃഷി ചെയ്യുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് കൊയ്ത്തുക്കാലം. പകുതി സമയമാകുമ്പോഴേക്കും വില നേർപകുതിയായതോടെ വരുംനാളുകളിൽ ഇനിയും കുറയുമോയെന്നാണ് ആശങ്ക.
ഫാമുകളുടെ എണ്ണം കുറയുന്നു
രണ്ടുവർഷം മുമ്പ് വരെ കേരളത്തിൽ ഉൾപ്പെടെ നിരവധി ഫാമുകളുണ്ടായിരുന്നു. വയ്ക്കോലിന് ഡിമാൻഡുന്റായിരുന്ന അക്കാലത്താണ് ഒരു കെട്ടിന് 250 രൂപ വരെ ലഭിച്ചത്. ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിലായതോടെ ഫാമുകൾ കുറഞ്ഞു. ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്നവരുടെ എണ്ണവും കുറയുന്നുണ്ട്. വേനൽക്കാലത്തെ പാലിന്റെ കുറവ് മൂലം ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് മിൽമ ആശ്വാസനടപടികൾ കൈക്കൊണ്ടെങ്കിലും പ്രതിസന്ധി നീങ്ങിയിട്ടില്ല.
വയ്ക്കോൽ മിൽമ സംഭരിക്കും
വയ്ക്കോൽ വിൽപ്പനയിൽ പ്രതിസന്ധി നേരിടുന്ന നെൽക്കർഷകരെ സഹായിക്കാൻ സംഘങ്ങൾ വഴി പ്രാദേശികമായി വയ്ക്കോൽ സംഭരിച്ച് വിതരണം ചെയ്യാൻ മിൽമ എറണാകുളം മേഖലാ യൂണിയൻ തയ്യാറെടുക്കുന്നു. മേഖലാ യൂണിയന്റെ പ്രവർത്തനപരിധിയിൽ വരുന്ന എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രാഥമിക ക്ഷീരസംഘങ്ങളിലെ ക്ഷീരകർഷകർക്ക് മൊത്ത വിതരണക്കാർ വഴിയായിരുന്നു വയ്ക്കോൽ വിതരണം ചെയ്തിരുന്നത്. ടെൻഡർ വഴിയായിരുന്നു മൊത്തവിതരണക്കാരനെ കണ്ടെത്തിയിരുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് പ്രാഥമിക സംഘങ്ങൾ നെൽക്കർഷകരിൽ നിന്ന് നേരിട്ട് വയ്ക്കോൽ വാങ്ങി ക്ഷീരകർഷകർക്ക് വിതരണം ചെയ്യും.
സംഭരിക്കുന്ന പാലിന്റെ 40% മേഖലാ യൂണിയന് നൽകുന്ന സംഘങ്ങൾക്കാണ് കർഷകർക്ക് വിതരണം ചെയ്യുന്ന വയ്ക്കോൽ കിലോഗ്രാമിന് 2 രൂപ സബ്‌സിഡി നൽകുന്നത്. കൂടാതെ ടെൻഡർ നടപടികളിലൂടെ വയ്ക്കോൽ വിതരണത്തിനുള്ള മൊത്ത വിതരണക്കാരെയും മിൽമ ചുമതലപ്പെടുത്തുന്നുണ്ട്.
- എം.ടി. ജയൻ, മേഖലാ യൂണിയൻ ചെയർമാൻ
കഴിഞ്ഞ വർഷം ലഭിച്ച വയ്ക്കോലിന്റെ നേർ പകുതി വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് നെൽക്കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്.- ഉണ്ണിക്കൃഷ്ണൻ കോക്കൂർ, നെൽക്കർഷകൻ