വെള്ളാങ്ങല്ലൂർ: വിവിധതരം നാടൻ വിത്തിനങ്ങളുടെയും ജൈവ ഉത്പന്നങ്ങളുടെയും പ്രദർശനവും വിപണനവും ഒരുക്കി വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിത്തുത്സവം ആരംഭിച്ചു. കോണത്തുകുന്ന് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മുതൽ 6 മണി വരെ നടക്കുന്ന പരിപാടികൾ സാലിം അലി ഫൗണ്ടേഷനും വെള്ളാങ്ങല്ലൂർ പഞ്ചായത്തും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ജൈവ ഉത്പ്പന്ന ചന്ത, നെൽവിത്തുകളുടെയും കിഴങ്ങ് വർഗങ്ങളുടെയും വിവിധ വാഴയിനങ്ങളുടെയും പ്രദർശനം, ചെറുധാന്യങ്ങളുടെയും ചെറുകിട ജൈവ സംരഭകരുടെയും സ്റ്റാളുകൾ, ജൈവ ഭക്ഷ്യമേള, വിത്തു കൈമാറ്റം, ജൈവ കർഷകരുടെ അനുഭവാവതരണങ്ങൾ, ജൈവ വളക്കൂട്ടുകളുടെ സ്റ്റാളുകൾ, പച്ചക്കറി തൈകൾ, ഫലവൃക്ഷ തൈകൾ, കലാവതരണങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികളുണ്ടാകും.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളുമുണ്ടാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അദ്ധ്യക്ഷനായി. ചലച്ചിത്ര താരവും കർഷകനുമായ അനൂപ് ചന്ദ്രൻ വിശിഷ്ടാതിഥിയായി. സാലിം അലി ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി.എസ്. വിജയൻ, കർഷക പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ പങ്കെടുത്തു.