കോൺക്രീറ്റിംഗിന് ബലക്ഷയം വരുത്തുംവിധം മുകളിലൂടെ വാഹനങ്ങൾ കടത്തിവിട്ടെന്നതാണ് കൗൺസിലർമാർക്കെതിരെയുള്ള പരാതി

ചാലക്കുടി: സൗത്ത് ബസ് സ്റ്റാൻഡ്-കണ്ണമ്പുഴ റോഡിൽ നവീകരിച്ച കാനയുടെ റോഡ് നിർമ്മാണത്തിന്റെ ക്യൂറിംഗ് കാലഘട്ടം കഴിയുന്നതിന് മുൻപ് ഗതാഗതത്തിന് തുറന്നു കൊടുത്ത കൗൺസിലറുടെ പേരിൽ നിയമ നടപടി. കൗൺസിലർമാരായ വി.ജെ. ജോജി,ടി.ഡി. എലിസബത്ത് എന്നിവരുടെ പേരിലാണ് പൊലീസിൽ പരാതി നൽകുന്നത് അടക്കമുള്ള നടപടികൾക്ക് നഗരസഭ കൗൺസിൽ യോഗം സെക്രട്ടറിയോട് നിർദ്ദേശിച്ചത്. നവീകരിച്ച കാനയുടെ കോൺക്രീറ്റിംഗിന് ബലക്ഷയം വരുത്തുംവിധം മുകളിലൂടെ വാഹനങ്ങൾ കടത്തിവിട്ടെന്നതാണ് കൗൺസിലർമാർക്കെതിരെയുള്ള പരാതി. ഷിബു വാലപ്പനാണ് യോഗത്തിൽ ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചത്. വി.ഒ. പൈലപ്പൻ, കെ.വി. പോൾ,സി.ശ്രീദേവി,എം.എം. അനിൽകുമാർ എന്നിവരും കൗൺസിലർമാരുടെ പേരിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കാനയ്ക്ക് മുകളിലിട്ട സ്ലാബിന്റെ ക്യൂറിംഗ് കാലാവധി കഴിഞ്ഞെന്നും സ്ലാബിനെ റോഡുമായി ബന്ധിപ്പിക്കുന്ന റാമ്പാണ് ക്യൂറിംഗ് പിരീഡിലുള്ളതെന്നും മുനിസപ്പൽ എൻജിനീയർ യോഗത്തെ അറിയിച്ചു.

രണ്ടിന്റെയും ക്യൂറിംഗ് കാലഘട്ടം കഴിഞ്ഞിരുന്നില്ലെന്ന് ചെയർമാൻ എബി ജോർജ്. തിരക്കേറിയ റോഡായതിനാൽ തടങ്ങൾ മാറ്റി നാട്ടുകാർ കാനയ്ക്ക് മുകളിലൂടെ നടക്കുന്നത് കണ്ടാണ് തുറന്നു കൊടുത്തതെന്ന് എലിസബത്ത് വ്യക്തമാക്കി.

നഗരസഭയുടെ പ്രവർത്തനങ്ങളെ മോശമായി ചിത്രീകിരിച്ച് സമൂഹ്യ മാദ്ധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്ന വി.ജെ.ജോജിയെ താക്കീത് ചെയ്യുമെന്നും ചെയർമാൻ പ്രഖ്യാപിച്ചു. എന്നാൽ ഇതിനെ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് എതിർത്തു. ഭരണപക്ഷ അംഗങ്ങൾത്തന്നെ നഗരസഭയിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പറയുന്ന സാഹചര്യത്തിൽ പ്രതിപക്ഷത്തുള്ളവരുടെ പേരിൽ നടപടി എടുക്കുമെന്ന് പറയുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


സ്ലാബ്, റാമ്പ് എന്നിവയുടെ ക്യൂറിംഗ് കാലാവധി കഴിഞ്ഞിരുന്നു. തിരക്കേറിയ റോഡ് ജനങ്ങളുടെ സൗകര്യാർത്ഥം തുറന്നു കൊടുത്തത് ഭരണസമിതിക്ക് നാണക്കേടായി. ഇതിന്റെ ജാള്യത മറക്കുന്നതിനാണ് ഇത്തരം പ്രഹസനം
വി.ജെജോജി കൗൺസിലർ.

കാനയ്ക്ക് മുകളിലിട്ട സ്ലാബിന്റെയും സ്ലാബിനെ റോഡുമായി ബന്ധിപ്പിക്കുന്ന റാമ്പിന്റെയും
ക്യൂറിംഗ് കാലഘട്ടം കഴിഞ്ഞിരുന്നില്ല.

ചെയർമാൻ എബി ജോർജ്.