തൃശൂർ : നൂറ് കണക്കിന് യാത്രികരും മറ്റും നിരന്തരം നടക്കുന്ന മേല്പാലത്തിലേക്ക് കയറുന്ന കോണിപ്പടിക്ക് തൊട്ടടുത്താണ് പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജഡം ഓടയിൽ കിടന്നിരുന്നത്. തമിഴ്‌നാട് പെരിഞ്ചിപ്പാട് സ്വദേശികളായ ശ്രീപ്രിയ -മണിപാൽ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട കളകരശൻ.
റെയിൽവേസ്റ്റേഷന്റെ പടിഞ്ഞാറെ കവാടത്തിൽ നിന്നും പ്‌ളാറ്റ്‌ഫോമിലേക്ക് കയറാനുള്ള മേൽപ്പാലത്തോട് ചേർന്നാണ് ഓടയുമുള്ളത്. ട്രെയിനിലെത്തിയ തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന കുട്ടിയുടെ മാതാവ് ശ്രീപ്രിയ മേല്പാലത്തിലൂടെ കോണിപ്പടിയിറങ്ങിയെത്തി അവസാനത്തെ പടികളോട് ചേർന്നുള്ള ഓടയിൽ ബാഗ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ബാഗ് കിടന്നിരുന്ന സ്ഥലത്തിന്റെ മുകൾ ഭാഗം കാട് പടർന്ന നിലയിലാണ്. ചെറിയ അരമതിൽ പോലെ ഒരു ഭാഗവും ഇവിടെയുണ്ട്. പെട്ടെന്ന് ആരുടെയും കണ്ണിൽപെടുന്ന ഇടമല്ല ഇത്. റെയിൽവേ പൊലീസും മറ്റും ഈ പ്രദേശങ്ങളിൽ പരിശോധന നടത്താറുള്ളതാണ്. പകൽ സമയങ്ങളിൽ നിരന്തരം ആളുകൾ ഈ വഴി കടന്നു പോകാറുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ ഈ ഭാഗത്ത് ടിക്കറ്റ് കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്.
മറ്റ് നടപടികൾക്ക് ശേഷം വിശദമായി ചോദ്യം ചെയ്താലേ മറ്റ്കാര്യങ്ങൾ വെളിപ്പെടൂ. പൊലീസിനെ പലതവണ കുഴക്കിയ മൊഴികൾ നൽകിയ ശ്രീപ്രിയ അവസാനമാണ് റെയിൽവേ സ്റ്റേഷന് സമീപം മൃതദേഹം തള്ളിയെന്ന് പറഞ്ഞത്. പലതവണ ഇവർ മൊഴി മാറ്റിയതിനാൽ പൂർണമായും വിശ്വാസത്തിലെടുത്തല്ല ഇവിടേക്കെത്തിച്ചത്. സ്ഥലം കാട്ടിക്കൊടുത്ത ശേഷം ശ്രീപ്രിയയെ മേൽപ്പാലത്തിന്റെ കോണിപ്പടിയിൽ കയറ്റി ഇരുത്തി. മൃതദേഹം നടപ്പാതയിലേക്ക് എടുത്തു വച്ചപ്പോളും അതേ ഇരിപ്പായിരുന്നു. പിന്നെ കുറെ നേരം തലകുമ്പിട്ടിരുന്നു. ഏകദേശം രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റിയത്.
അക്രമം തുടർക്കഥ
റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ കവാടം ചില നേരങ്ങളിൽ വിജനമാണ്. പലപ്പോഴും ഇത് സാമൂഹിക വിരുദ്ധർ ഉപയോഗപ്പെടുത്തുന്നു. ഈ പ്രദേശത്ത് കാമറകളും ഇല്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് വൈകിട്ട് തമിഴ് സ്ത്രീ തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുശേഷം പട്ടാമ്പി സ്വദേശിയും റെയിൽവേ പരിസരത്ത് തലയ്ക്കടിയേറ്റ് ചികിത്സയിലിരിക്കേ മരിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് റെയിൽവേ പാർക്കിംഗിന് സമീപം ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നും മുൻവൈരാഗ്യത്താലും യുവാവ് സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു.