ddd

തെന്നിന്ത്യയിൽ ഭാവഗാനങ്ങളുടെ നിറനിലാവ് പരത്തിയ പി.ജയചന്ദന് ഇന്ന് എൺപത്. പാട്ടുപാടിത്തുടങ്ങി 60 ആണ്ടിലെത്തുമ്പോഴും ആ സ്വരത്തിനിന്നും യൗവനം. തനിക്ക് മുൻപേ പാടിത്തുടങ്ങിയ ഗായകരെ അനുകരിക്കാതെ സ്വന്തം വഴി വെട്ടിത്തുറക്കുകയായിരുന്നു ജയേട്ടൻ. സംഗീതനഭസ്സിലെ സൂര്യബിംബം യേശുദാസെങ്കിൽ, നിലാവൊഴുകുന്ന ചാന്ദ്രസൗന്ദര്യമാണ് ഇദ്ദേഹം.
നിളാനദീതീരവും അവിടുത്തെ പഞ്ചാരമണലും നിലാവും ഇഷ്ടപ്പെട്ട പ്രകൃതിയുടെ ഉപാസകൻ. എല്ലാ പാട്ടിലുമുണ്ട് നിലാച്ചന്തം.
പി. കുഞ്ഞിരാമൻനായരുടെ കവിത അർജ്ജുനൻ മാഷ് ഈണമിട്ടപ്പോൾ പിറന്ന ഗാനത്തിലും നിലാവിനെ കാണാം, മഞ്ഞണിനിലാവ് ! മഞ്ഞനിലാവ് വിരിക്കുന്ന ശബരീപൂങ്കാവനം, നിലാവിന്റെ ഇന്ദുമുഖിയും പൂർണേന്ദുമുഖിയും എല്ലാം അദ്ദേഹത്തിന്റെ പ്രിയഗാനങ്ങളാണ്. ഇന്ദുമുഖീ ഇന്ദുമുഖീ എന്തിനിന്നു നീ സുന്ദരിയായി ...എന്ന വയലാർ - ദേവരാജൻ ഗാനത്തിലും പൂർണേന്ദുമുഖിയുടെ അമ്പലത്തിൽ വച്ച് പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു എന്ന
പി. ഭാസ്കരൻ - കെ. രാഘവൻ ഗാനത്തിലുമല്ലാം നിറയുന്നത് നിലാവാണ്.
കൂത്തും കൂടിയാട്ടവും ചെണ്ടമേളവും മറ്റു ക്ഷേത്രകലകളും ഏറെ ഇഷ്ടമുള്ള ജയേട്ടനുമായി എന്നെ അടുപ്പിച്ചതും മറ്റൊന്നുമല്ല. മഞ്ഞലയിലും, മധുചന്ദ്രികയിലും, കല്ലായിക്കടവത്തും, ഭാരതപ്പുഴയോരത്തും പൂത്തുനിൽക്കുന്ന പ്രകൃതിയുടെ ഗാനങ്ങളും പ്രണയഗാനങ്ങളും ജയേട്ടന്റെ കൈയൊപ്പ് പതിഞ്ഞവയാണ്.

കൊട്ടും പാട്ടും അഭിനയവുമെല്ലാം അദ്ദേഹത്തിന് വഴങ്ങി. പാടിയ പാട്ടുകളിലെല്ലാം ഭാവമുദ്ര പതിപ്പിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ അവാർഡ് അടക്കം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. പാടിയ എല്ലാ പാട്ടുകളും ഹിറ്റ്‌ ആക്കിയ ഗായകൻ, കേരനിരകളാടുന്ന കേരളമെന്ന ഹരിതതീരത്തെ മാതൃഭാഷയായ മലയാളത്തിന്റെ ഭംഗി സംഗീതത്തിലൂടെ നമ്മുടെ കാതുകളിൽ എത്തിച്ച പാട്ടുകാരൻ. നല്ല പച്ചക്കറി സദ്യയും എം.ടി യുടെ സാഹിത്യവും നിളയേയുമെല്ലാം ഇഷ്ടപ്പെട്ട അദ്ദേഹം പല രൂപങ്ങളിൽ പല ഭാവങ്ങളിൽ ആസ്വാദകർക്കു മുന്നിലെത്തും. അതാണ്, അതു തന്നെയാണ് ജയേട്ടൻ...