ചേലക്കര: ചേലക്കര ഗവ. ആയുർവേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. നിയോജക മണ്ഡലം എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 150 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. പുതിയ കെട്ടിടം നാടിന് സമർപ്പിക്കുന്നതോടെ ചികിത്സ തേടിയെത്തുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താൻ സാധിക്കും. ആശുപത്രി അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ അധ്യക്ഷയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിൻസ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ജില്ലാ പഞ്ചായത്തംഗം കെ.ആർ. മായ എന്നിവർ മുഖ്യാതിഥയായി പങ്കെടുക്കും.

വിപുലമായ സൗകര്യങ്ങൾ

സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ചേലക്കര ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നത്. 20 പേർക്ക് മാത്രം കിടത്തിചികിത്സ ലഭ്യമായിരുന്ന ആശുപത്രിയിൽ ഐ.പി ബ്ലോക്ക് കെട്ടിടം വന്നതോടെ രോഗികൾക്ക് കൂടുതൽ സൗകര്യമാകും. ക്ഷാരസൂത്രം (പൈൽസ്) ചികിത്സയ്ക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് നിരവധിപേരാണ് എത്തുന്നത്. രണ്ട് നിലകളിലായി 2114 ചതുരശ്ര അടി വിസ്തീർണ്ണത്തിലുളള കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ 11 കിടക്കകളുള്ള സ്ത്രീകളുടെ വാർഡ്. ഒന്നാം നിലയിൽ 11 കിടക്കകളുള്ള പുരുഷൻമാരുടെ വാർഡ്, ഇരു നിലകളിലും പൊതു ശുചി മുറി, നഴ്‌സിങ്ങ് സ്‌റ്റേഷൻ , ചികിത്സാ മുറി തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
2024- 25 ബജറ്റിൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഭൂമി ഏറ്റെടുക്കുന്നതിനുമായി 150 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.