തൃശൂർ: കോർപ്പറേഷന്റെ അയ്യന്തോളിലെ ഹോമിയോ ആയുർവേദ ഡിസ്പൻസറികൾക്ക് എൻ.എ.ബി.എച്ച് അംഗീകാരം. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും രോഗീ സൗഹൃദ ചികിത്സ നൽകുന്നതിനാണ് അംഗീകാരം.
2015, 2020ലെ കൗൺസിലുകൾ ഈ സ്ഥാപനങ്ങൾ മുൻനിരയിലെത്തിക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഈ രണ്ടു ഡിസ്‌പെൻസറികളും ആയുഷ് ഹെൽത്ത്&വെൽനസ്സ് സെന്റൺായി ഉയർത്തി. അയ്യന്തോൾ ഹോമിയോ ഡിസ്പൻസറിയുടെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. വി.വി.ബിനിയുടേയും അയ്യന്തോൾ ആയുർവേദ ഡിസ്പൻസറിയുടെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ.അനിത സുകുമാരന്റേയും പ്രവർത്തനമികവുമുണ്ട്. മാർച്ച് 5 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജിൽ നിന്നും കോർപ്പറേഷൻ പ്രതിനിധികളും ചീഫ് മെഡിക്കൽ ഓഫീസർമാരും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങും.
അടിസ്ഥാന സൗകര്യ വികസനം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ പരിപാലനം, ശുചിത്വം, ഭിന്നശേഷി സൗഹൃദം, സൗജന്യ യോഗ പരിശീലനം, പാലിയേറ്റീവ് പരിചരണം തുടങ്ങിയവ കേന്ദ്ര വിദഗ്ദ സംഘം സന്ദർശിച്ച് പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് നാഷണൽ അക്രിഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സിന്റെ എൻട്രി ലെവൽ സർട്ടിഫിക്കറ്റുകൾ ലഭിച്ചത്. നാഷണൽ ആയുഷ് മിഷന്റെ കീഴിൽ സൗജന്യ യോഗ പരിശീലനവും ഹോമിയോ ഡിസ്പൻസറിയിൽ നടക്കുന്നുണ്ട്.