
തൃശൂർ: ഡ്രൈവിംഗ് സ്‌കൂൾ മേഖലയെ തകർക്കുന്ന ക്രിയാത്മകമല്ലാത്ത പരിഷ്‌കാരങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ (എ.കെ.എം.ഡി.എസ്) സെക്രട്ടേറിയറ്റ് ഉപരോധം അടക്കമുള്ള സമരത്തിലേക്ക്. നടപ്പാക്കാൻ പോകുന്ന പരിഷ്‌കാരം സംസ്ഥാനത്തെ ഏഴായിരത്തോളം സ്ഥാപനങ്ങളെയും ഒരു ലക്ഷത്തോളം തൊഴിലാളികളെയും ദുരിതത്തിലാക്കും.
നിലവിൽ ഓരോ ആർ.ടി.ഒ ഓഫീസിന്റെ കീഴിലും 120 പേർക്കാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്. പുതിയ സർക്കുലർ അനുസരിച്ച് 20 പുതിയതും പത്ത് റീടെസ്റ്റുമടക്കം 30 ആക്കി ചുരുക്കി. ഇത് ആളുകളെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് എടുക്കാനുള്ള പ്രവണതയിലേക്ക് നയിക്കും. മറ്റു സംസ്ഥാനങ്ങളിൽ ലൈസൻസ് ലഭിക്കാൻ ചെലവു കുറവും എളുപ്പവുമാണ്. ഇതു സർക്കാരിന്റെ റവന്യൂ വരുമാനത്തെ സാരമായി ബാധിക്കും. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് സ്‌കൂളുകാർ സ്വയം നിർമ്മിക്കണമെന്ന തീരുമാനം വൻകിട കുത്തക മുതലാളിമാർക്ക് വാതായനം തുറന്നു കൊടുക്കലാണ്. ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസിൽ ചേർക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വർഷമായി നിജപ്പെടുത്തിയത് സ്‌കൂൾ നടത്തുന്നവർക്ക് സാമ്പത്തിക നഷ്ടം വരുത്തും. ഇക്കാര്യങ്ങൾ സംബന്ധിച്ച് മന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് പി.ശശിപ്രകാശ്, ഇ.ഡി.ഷാജു, ഐ.ഗോകുൽ, പ്രവീൺകുമാർ, പി.ജി.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.