നടപടി അതീവ രഹസ്യമായി

ചാലക്കുടി: ഏറെ വിവാദങ്ങളും പ്രതിഷേധങ്ങളും സൃഷ്ടിച്ച നഗരത്തിലെ ബിവേറ് ഔട്ട്‌ലെറ്റ് പുതിയ സ്ഥലത്തേയ്ക്ക്. മൂന്നു വർഷത്തോളമായി ചാലക്കുടി മെയിൻ റോഡിലെ റേഷൻ ഗോഡൗണിന് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് പോട്ട ഇടുക്കൂട് പാലത്തിന് സമീപത്തെ ജനത്തിരക്കില്ലാത്ത കെട്ടിടത്തിലേക്ക് അപ്രതീക്ഷതിമായി മാറ്റുകയായിരുന്നു. ഇതോടെ നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും ആശ്വാസമായി. പ്രതിഷേധക്കാർ എത്താൻ സാദ്ധ്യതയുള്ളതിനാൽ നടപടി അതീവ രഹസ്യമായിരുന്നു.

മദ്യവിൽപ്പന ശാലയിലെ നിന്നുള്ള ഇടവഴി റോഡ് തിരക്കേറിയ പി.ഡബ്ലൂയു.ഡി റോഡിലേക്കാണ് പ്രവേശിക്കുന്നത്. ഈ ഭാഗത്ത് ഗതാഗത തടസം ഉണ്ടാകുന്നതും അപകടങ്ങൾ പെരുകിയതുമാണ് പ്രതിഷേധത്തിന് കാരണം. ഒപ്പം കെട്ടിടത്തിന് പരിസരത്തുള്ള കുടുംബങ്ങൾ സ്വസ്ഥമായ ജീവിതം വേണമെന്ന ആവശ്യം ഉന്നയിച്ച് കൊടുത്ത കേസിൽ ഹൈക്കോടതിയുടെ ഇടപെടലുമുണ്ടായി. എത്രയും വേഗം ഔട്ട് മാറ്റി സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ വലിയ തോതിൽ എതിർപ്പുണ്ടായതിനെ തുടർന്ന് പുതിയ സ്ഥലം കണ്ടെത്തുന്നത് ശ്രമകരവുമായി. ഈ അവസരത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്ന ഔട്ട്‌ലെറ്റെന്ന പ്രധാന്യം ചാലക്കുടിക്ക് ലഭിച്ചിരുന്നു. പുതിയ സ്ഥലം കണ്ടെത്താനായില്ലെങ്കിൽ ചാലക്കുടിയിലെ ഔട്ട്‌ലെറ്റ് അടച്ചു പൂട്ടണമെന്ന് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് വന്നതോടെ ബിവറേജ് കോർപ്പേറൻ പ്രതിസന്ധിയിലായി. നഗരസഭ കൗൺസിലർമായ വത്സൻ ചമ്പക്കര, എം.എം.അനിൽകുമാർ എന്നിവരാണ് മദ്യവിൽപ്പന കേന്ദ്രം മാറ്റുന്നതിന് പരിശ്രമിച്ചത്.

ഔട്ട് ലെറ്റ് മാറ്റം നാലാം തവണ

സൗത്ത് ജംഗ്ഷനിലെ മെയിൻ റോഡിലെ കെട്ടിടത്തിലായിരുന്നു ആദ്യം ബിവറേജ് ഔട്ട് ലെറ്റ്. എന്നാൽ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉണ്ടായതോടെ ഔട്ട് ലെറ്റ് പ്രവർത്തനം നഗരസഭയുടെ മാർക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റി. സ്ഥല പരിമിതിയും ജനത്തിരക്കും മൂലം ഇവിടെയും എതിർപ്പ് നേരിട്ടു. തുട‌‌ർന്നാണ് മെയിൻ റോഡിലെ റേഷൻ ഗോഡൗണിന് സമീപം സ്ഥാപിച്ചത്. എന്നാൽ കോടതി വിധിയും പ്രതിഷേധങ്ങളും ഔട്ട് ലെറ്റ് പോട്ട ഇടുക്കൂട് പാലത്തിന് സമീപം കെട്ടിടത്തിലേക്ക് മാറ്റാൻ കാരണമായി .