
പുതുക്കാട്: പാറക്കെട്ടുകളോട് കൂടിയ ചെങ്കുത്തായ മലനിരകളിൽ കണ്ടുവരുന്ന നീലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകൾ ചിമ്മിനി മലനിരകളിലും. കഴിഞ്ഞദിവസം കാട്ടുതീ സംരക്ഷണ പ്രവർത്തനത്തിനായി പോയ സെക്ഷൻ ഫോറസ്റ്റ് ഫീസർമാരായ വി.ആർ.ബോസ്, ബെസ്റ്റിൻ വർഗ്ഗീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.വി.വിനയരാജ് , സി.ആർ.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് വരയാടുകളെ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ എണ്ണം രാജ്യത്ത് രണ്ടായിരത്തിൽ താഴെയാണ്. പൊതുവേ തണുപ്പുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്ന വരയാടുകളെ ചൂട് കൂടുതലുള്ള ചിമ്മിനിയിൽ കണ്ടെത്തിയത് വന ശാസ്ത്രജ്ഞരെ അത്ഭുതപെടുത്തി.
1100 മുതൽ 2700 മീറ്റർ ഉയരമുള്ള പുൽമേടും പാറക്കൂട്ടങ്ങളും നിറഞ്ഞ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്നവയാണ് വരയാടുകൾ. ചിമ്മിനി വന്യജീവി സങ്കേതത്തിലെ പാണ്ടിപ്പെട്ടി-സീതാർക്കുണ്ട് മേഖലകളിൽ ആദ്യകാലങ്ങളിൽ വരയാടുണ്ടായിരുന്നതായി പറയുന്നു. അതിന്റെ അടിസ്ഥനത്തിൽ 2016ൽ വനം വകുപ്പ് സംഘടിപ്പിച്ച അഖില കേരള വരയാട് കണക്കെടുപ്പിൽ ഈ മേഖലയിലെയും കണക്കെടുത്തിരുന്നു. അന്ന് പക്ഷേ വരയാടുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. കഴിഞ്ഞദിവസം രണ്ട് വരയാടുകളെയാണ് ചിമ്മിനി ജലാശയത്തോട് ചേർന്ന മേഖലയിൽ കണ്ടെത്തിയത്. ഈ മേഖലയിൽ പുള്ളിപ്പുലികളുണ്ട്. പുലി ഇരപിടിക്കാൻ പിന്തുടർന്നപ്പോൾ കൂട്ടം തെറ്റിയതാകാമെന്നാണ് നിഗമനം.
ആവാസകേന്ദ്രം പാണ്ടിമുടി ബെൽറ്റോ
ചിമ്മിനിയിൽ പാണ്ടിമുടി മലയാണ് എറ്റവും ഉയരമുള്ളത്. ഇവിടെ 1116 മീറ്ററാണ് കൂടിയ ഉയരം. കാലാവസ്ഥാ വ്യതിയാനം, വന്യജീവികളുടെ ദൈനംദിന ജീവിതത്തെയും സഞ്ചാരത്തെയും സാരമായി ബാധിക്കുന്നുവെന്നതിന് തെളിവാകാം വരയാടിന്റെ സാന്നിദ്ധ്യം.
വംശനാശ ഭീഷണിയുള്ള ഇനം
ലോകത്ത് ആകെ 3122 വരയാട്
(വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്വർ 2007 മുതൽ 2011 വരെ നടത്തിയ പഠനം)
രാജ്യത്ത് 2000ഓളം
കൂടുതൽ
ഇരവിക്കുളം ദേശീയ ഉദ്യാനത്തിൽ
തമിഴ്നാട്ടിലെ മുക്കുറുത്തി ദേശീയോദ്യാനത്തിൽ
വരയാടുകളെ കണ്ടെത്തിയ സാഹചര്യത്തിൽ ചിമ്മിനി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ച് നിരീഷണങ്ങളും പഠനങ്ങളും നടത്തും.
പി.എം.പ്രഭു
വൈൽഡ് ലൈഫ് വാർഡൻ.