മാള: വേനൽ കടുത്തതോടെ ആനപ്പാറ കോളനിയിൽ കുടിവെള്ളം കിട്ടാക്കനി. മാള പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആനപ്പാറയിൽ കിണറുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാതെ ജനം വലയുകയാണ്. ജൽ ജീവൻ മിഷന്റെ കുടിവെള്ള വിതരണ പൈപ്പുകൾ വീടുകളിലുണ്ടെങ്കിലും ജല അതോറിറ്റിയിൽ നിന്നും കൃത്യമായ വെള്ളം കിട്ടാത്തതിനാൽ മാസത്തിൽ ഒരു തവണ മാത്രമാണ് ഇവിടെ വെള്ളമെത്തുന്നത്.
55 ഓളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഈ കോളനിയിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. കൂലിവേല കഴിത്തെത്തിയ ശേഷം പഞ്ചായത്ത് കിണറുകളിൽ നിന്നും വെള്ളമെടുത്ത് പാചകമടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ട അവസ്ഥയാണിവർക്ക്. വെള്ളം കിട്ടുന്നില്ലെങ്കിലും രണ്ടുമാസം കൂടുമ്പോൾ ബില്ല് കൃത്യമായി നൽകാൻ ജലനിധിക്കാർ മറക്കാറില്ല. പല പ്രാവശ്യം പ്രതിഷേധ സമരങ്ങളും പഞ്ചായത്തിന് മുന്നിൽ ധർണയും നടത്തിയെങ്കിലും കുടിവെള്ള പ്രശ്‌നത്തിന് ഇനിയും പരിഹാരമായില്ല. വാർഡ് മെമ്പറാകട്ടെ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ മാസങ്ങളായി വിദേശത്താണ്. കൃത്യമായ ഇടവേളകളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചു താത്ക്കാലികമായെങ്കിലും പ്രതിസന്ധിക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നാണ് ജനങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം. സമീപത്തെ രണ്ടും മൂന്നും വാർഡുകളിലും കുടിവെള്ളം കിട്ടാതെ ജനങ്ങൾ ഏറെ വലയുന്നുണ്ട്.


കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ടാങ്കറിൽ വെള്ളം എത്തിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. ഏഴിന് അക്കാര്യത്തിൽ തീരുമാനമാകും. എട്ടുമുതൽ ടാങ്കറിൽ കുടിവെള്ളമെത്തിക്കാനാകും.
ബിന്ദു ബാബു
(മാള പഞ്ചായത്ത് പ്രസിഡന്റ്)