venal

തൃശൂർ: കുംഭം പാതിപിന്നിട്ടിട്ടും വേനൽമഴ പെയ്യാത്തതും കൊടുംചൂടും കാരണം ഭൂർഗഭജലവിതാനം പൊടുന്നനെ താഴ്ന്നതോടെ ജില്ല രൂക്ഷമായ വരൾച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും. മലയാേരമേഖലകളിലും തീരമേഖലകളിലും കിണറുകൾ വറ്റിത്തുടങ്ങി. പൈപ്പ് വെള്ളം ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. തൃശൂർ നഗരത്തിലും കോർപറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്.

കഴിഞ്ഞദിവസം കോർപറേഷൻ കൗൺസിലിൽ കുടിവെള്ളക്ഷാമത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരുന്നു. ഒരു മാസക്കാലമായി കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ വലയുകയാണെന്നും അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ളം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസിനൊപ്പം ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ഹാളിൽ കുടവുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. അമൃത് ഫണ്ടിൽ നിന്നും കോടികൾ എടുത്തിട്ടും കുടിവെള്ളം നൽകാൻ കോർപറേഷൻ കഴിഞ്ഞില്ലെന്നാണ് പരാതി.

ഉണങ്ങിക്കരിഞ്ഞ് മുണ്ടകൻ

മുണ്ടകൻ പാടശേഖരങ്ങളിൽ വെള്ളം കുറഞ്ഞതോടെ നെല്ലിന് വിളവ് കുറഞ്ഞു. വയ്ക്കോലിന് വിലയിടിഞ്ഞതും തിരിച്ചടിയായി. കൊയ്ത്തിനിടെ നെൽമണികൾ പാടശേഖരങ്ങളിൽ വൻതോതിൽ കൊഴിഞ്ഞു വീണിരുന്നു. തോടുകൾ വറ്റിയതോടെ പുന്നയൂർക്കുളത്ത് കുട്ടാടൻ പാടശേഖരത്തിലെ നെൽക്കൃഷിയും പ്രതിസന്ധിയിലാണ്. തോട്ടിൽ വലിയ കുഴിയെടുത്ത് വെള്ളമൂറ്റിയാണ് കർഷകർ പാടത്തേക്ക് അടിക്കുന്നത്. വേനൽ കനക്കുന്നതോടെ തീരെ വെള്ളം കിട്ടാതെ വരും. പെങ്ങാമുക്കിൽ കനത്ത വേനലിൽ അതിവേഗം തോടുകളിലെ വെള്ളം വറ്റിയതോടെ പുഞ്ചക്കൃഷിക്ക് വെള്ളം കിട്ടാതെ കർഷകർ നട്ടം തിരിയുകയാണ്. ജലസേചനം പൂർണമായി നിലച്ചതോടെ കടവല്ലൂർ വേമ്പൻപടവ് പാടശേഖരവും ഉണങ്ങി.


അനധികൃത ജല സംഭരണം: നടപടിയുണ്ടാകും

അനധികൃത ജലസംഭരണം മൂലം നെൽക്കൃഷിക്ക് വെള്ളം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ അനധികൃതമായി വെള്ളം ശേഖരിക്കുന്ന പാടശേഖരസമിതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ വി.ആർ. കൃഷ്ണതേജ വ്യക്തമാക്കിയിരുന്നു. അനധികൃത ജല സംഭരണം മൂലം വടക്കൻ മേഖലയിലെ നെൽക്കൃഷിക്ക് വെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. മണലൂർത്താഴം, മണൽപുഴ, കണ്ണോത്ത് പാടശേഖരങ്ങളിൽ അനധികൃതമായി വെള്ളം ശേഖരിക്കുന്നുണ്ട്. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ അനധികൃതമായി വെള്ളം സംഭരിക്കുന്നില്ലെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം രൂപീകരിച്ച് സന്ദർശനം നടത്തി ഉറപ്പാക്കണം. ഇത്തരം പാടശേഖരസമിതികൾക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത കൃഷി ഓഫീസർമാർക്കെതിരെയും നടപടി സ്വീകരിക്കും.

വേനൽമഴ സംബന്ധിച്ച് നിലവിൽ പ്രവചനങ്ങളൊന്നുമില്ല. ഈ മാസം മഴ കിട്ടുമെന്നാണ് പ്രതീക്ഷ.

- ഡോ. അജിത്കുമാർ, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ്, കാർഷിക സർവകലാശാല