മാള: ജനാധിപത്യം എങ്ങനെയാണെന്ന് ജീവിതംകൊണ്ട് പഠിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്നും ഇന്നത്തെ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർത്തു കൊണ്ടിരിക്കുകയാണെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. കെ.എ. തോമസ് മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമന പ്രസ്ഥാനങ്ങൾക്ക് ജാഗ്രതക്കുറവ് വരുമ്പോൾ ഫാസിസം കടന്നുവരുമെന്നും ഗാന്ധിജി അവസാനം നടത്തിയ രണ്ട് സത്യഗ്രഹങ്ങളും ഫാസിസത്തിന് എതിരായിട്ടായിരുന്നു എന്നത് നാം വിസ്മരിക്കരുതെന്നും 'കശാപ്പ് ചെയ്യപ്പെടുന്ന സാമൂഹ്യ ജീവിതം' എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നിർവഹിച്ച് കവി പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായി. ഓടക്കുഴൽ പുരസ്‌കാരത്തിനർഹനായ പി.എൻ. ഗോപീകൃഷ്ണനെ പ്രൊഫ. കുസുമം ജോസഫ് ആദരിച്ചു. മാള പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബിന്ദു ബാബു, എ.പി.പിയായി നിയമിക്കപ്പെട്ട അഡ്വ. ജോജി ജോർജ് എന്നിവർക്ക് അനുമോദനം നൽകി. പി.കെ. ഡേവീസ്, ശോഭന ഗോകുൽനാഥ്, എ.ആർ. രാധാകൃഷ്ണൻ, ടി.കെ. ശക്തിധരൻ, എം.ആർ. അപ്പുകുട്ടൻ, കൊച്ചുത്രേസ്യ തോമസ്, റസൽ തോമസ്, സി.ആർ. പുരുഷോത്തമൻ, പി.കെ. കിട്ടൻ, സി.ടി. ഗോകുൽനാഥ് എന്നിവർ സംസാരിച്ചു.