1

തൃശൂർ: ഓരോ വർഷം കഴിയുംതോറും ഭൂഗർഭ ജലം താഴുന്നതോടെ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷതയിലേക്ക്. കിണറുകളിലും ജലലഭ്യത കുറയുകയാണ്. വേനൽ ശക്തിപ്രാപിച്ചതോടെ ജലസ്രോതസുകളും വരളുന്നു. കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റി, പുഴകളിലും ഒഴുക്ക് നിലച്ചു. ലോറികളിലും മറ്റുമാണ് ഭൂരിഭാഗം സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കുന്നത്. കുടിവെള്ളം എത്തിക്കാൻ സ്വകാര്യ എജൻസികളും വ്യാപകമായി രംഗത്തുണ്ട്.


കുഴൽ കിണറുകൾ ഭീഷണി

കുടിവെള്ള ക്ഷാമം അതിരൂക്ഷമായതോടെ കുഴൽകിണറുകൾ വ്യാപകമാവുകയാണ് ജില്ലയിൽ. സംസ്ഥാനത്തിന് പുറമെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുപോലും നൂറിലധികം ഡ്രില്ലറുകൾ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. കുഴൽ കിണറുകളുടെ എണ്ണം വർദ്ധിക്കുന്നതും രൂക്ഷമായ ജലപ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

കുഴൽ കിണറുകൾ മൂലം മണ്ണിന്റെ പ്രതലത്തിൽ നിന്നുള്ള ഉറവകൾ കുറയും. ഭൂരിഭാഗം കുഴൽ കിണറുകളിലും മണ്ണിന്റെ പ്രതലം കഴിഞ്ഞ് പാറകൾ തുരന്നാണ് പൈപ്പിടുന്നത്. ഇതിനാൽ തൊട്ടടുത്തുള്ള കിണറുകളിലെ വെള്ളം വരെ താഴ്ന്ന് പോകും. ജില്ലാ ഭൂജല വകുപ്പ് ഓഫീസിൽ നിന്ന് അനുമതി വാങ്ങിയശേഷമേ കുഴൽകിണറുകൾ പാടുള്ളൂവെന്നാണ് നിയമമെങ്കിലും പാലിക്കാറില്ല.

ലോറികളിൽ ഡ്രില്ലറുകളുമായി എത്തുന്നവർ രാത്രിയാണ് കുഴൽക്കിണർ കുഴിക്കുന്നത്. രാവിലെ ആകുമ്പോഴേക്കും പൂർത്തിയാക്കി സ്ഥലം വിടും. തമിഴ്‌നാട്‌ നിന്നുള്ള സംഘങ്ങളാണ് കൂടുതലും വരുന്നത്. ട്രാക്ടർ, ലോറി എന്നിവയിൽ ഘടിപ്പിച്ച യന്ത്രങ്ങളുമായി എത്തിയാണ് കിണർ നിർമാണം. ശരാശരി 250 അടിവരെ കുഴിച്ച് പൈപ്പിടുന്നതിന് 80,000 വരെയാണ് ഈടാക്കാറുള്ളത്.


ഉപയോഗം വർദ്ധിക്കുന്നു
ഒരാൾക്ക് ഒരു ദിവസം നൂറു ലിറ്റർ വെള്ളം വേണമെന്നതാണ് ശാസ്ത്രീയ രീതി. എന്നാൽ വേനലായതിനാൽ ഇതിന്റെ രണ്ടും മൂന്നും മടങ്ങ് കൂടുതൽ വേണ്ടിവരുന്നുണ്ട്. ഇതിനാൽ വെള്ളം ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. ജില്ലയിലെ ഡാമുകളിൽ ശരാശരിയേക്കാൾ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പ്. വേനൽമഴ ലഭിച്ചാൽ മാത്രമെ കുടിവെള്ളക്ഷാമത്തിന് അൽപ്പമെങ്കിലും ആശ്വാസമാകൂ.