വടക്കാഞ്ചേരി: വടക്കാഞ്ചേരി, ഓട്ടുപാറ ടൗണുകളിലെ ഗതാഗത കുരുക്കിന് പരിഹാരമായ വടക്കാഞ്ചേരി ബൈപാസ് നിർമ്മാണം പുരോഗമിക്കുന്നു. ബൈപാസിന്റെ രണ്ടാംഘട്ട സർവേ നടപടികൾക്കായ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ചു. സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയ്ക്കായി കിഫ്ബി മുഖേന 20 കോടി രൂപ അനുവദിച്ചത്. ബൈപാസിന്റെ അവസാന ഭാഗത്ത് റെയിൽവേ മേൽപ്പാലത്തിനായി നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് പാലം നിർമ്മിക്കാൻ റെയിൽവേയുടെ അനുമതി ലഭിച്ചിട്ടില്ല. അനുമതി ഇല്ലാത്തതിനാലും സ്ഥലം അപ്രായോഗികമായതിനാലും 300 മീറ്റർ മുന്നോട്ട് നീട്ടി പുതിയ സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. രണ്ടാം ഘട്ട സർവേ, ഇൻവെസ്റ്റിഗേഷൻ എന്നിവ നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ റീജിയണൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയെ ചുമതലപ്പെടുത്തിയത്. ആർ.ഐ.ക്യൂ.സി എല്ലിന്റെ നേതൃത്വത്തിൽ ടെക്‌നോ വിഷൻ എന്ന ഏജൻസിയാണ് നിലവിൽ സർവേ നടത്തുന്നത്. നിർദ്ദിഷ്ട ബൈപാസ് ദൂരം പൂർണമായും 40 മീറ്റർ വീതിയിൽ ടോപ്പോഗ്രാഫിക് സർവേ നടത്തി രേഖപ്പെടുത്തും. അതിനകത്ത് പരമാവധി വീടുകളും കെട്ടിടങ്ങളും ഒഴിവാക്കി 22 മീറ്റർ വീതിയിൽ ബൈപാസിന്റെ അലൈൻമെന്റ് തീരുമാനിക്കും. ഇപ്പോൾ സ്ഥാപിക്കുന്ന സർവേ കല്ലുകളും മറ്റും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും സർവേ നടത്തുന്നതിന് ആവശ്യമായ പോയിന്റുകളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി.വി. മുഹമ്മദ് ബഷീർ, എൻ.കെ പ്രമോദ് കുമാർ, പി .കെ. സദാശിവൻ, ടി. ആർ.രജിത്ത്, എം.ജെ. ബിനോയ്, വി. സി. ജോസഫ് മാസ്റ്റർ, കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് ഇ. ഐ, അസിസ്റ്റന്റ് എഞ്ചിനീയർ പി.കെ. മഞ്ജുഷ , എഞ്ചിനീയർ ടി.പി. ബിബിൻ, ബെന്നി തോമസ് എന്നിവരും പങ്കെടുത്തു.
വടക്കാഞ്ചേരിയെ സംബന്ധിച്ചിടത്തോളം പ്രധാന പദ്ധതിയായ ബൈപാസിന്റെ തുടർ നടപടികൾ അതിവേഗം മുന്നോട്ട് പോകും.
സേവ്യർ ചിറ്റിലപ്പിള്ളി
എം.എൽ.എ