ചാലക്കുടി: അഭിഭാഷക ജീവിത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളാണ് അഭിഭാഷകൻ എം.കെറോയ് തന്റെ പുസ്തകങ്ങളിലൂടെ അവതരിപ്പിച്ചതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി.കുഞ്ഞി കൃഷ്ണൻ. അഭിഭാഷകജീവിത്തിലെ തുറന്നെഴുതുകളുമായി ചാലക്കുടി ബാറിലെ അഭിഭാഷകൻ അഡ്വ.എം.കെ. റോയ് രചിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർത്തിയാകാത്ത ഹർജികൾ,കൊറോണ പൂത്ത കോട്ട് എന്ന രണ്ടു കഥാ സമാഹാരങ്ങളാണ് പ്രകാശനം ചെയ്തത്. ചാലക്കുടി ലയൺസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ ജഡ്ജ് പി.പി. സൈതലവി, കഥാ കൃത്തിന്റെ പിതാവ് കെ.വി.കുമാരൻ മാസ്റ്റർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബാർ അസോസിയേഷൻ പ്രസിഡന്റ് സുനിൽ ജോസ് മാളക്കാരൻ അദ്ധ്യക്ഷനായി. ജില്ലാ അഡിഷണൽ ജഡ്ജ് ടി.കെ. മിനിമോൾ, ചാലക്കുടി മുൻസിഫ് ആനി വർഗീസ്, മജിസ്‌ട്രേറ്റ് എം.എസ്. ഷൈനി, സി.ടി.സാബു,കെ.ബി.സുനിൽകുമാർ, എൻ.വി. സൈമൺ,പോളി അമ്പൂക്കൻ എന്നിവർ പ്രസംഗിച്ചു.