1

തൃശൂർ: വേനൽക്കാല കുടിവെള്ള ആവശ്യങ്ങൾക്കായി പീച്ചി ഉപദേശക സമിതിയുടെ തീരുമാന പ്രകാരം പീച്ചി ഇടതുവലതുകര കനാലുകൾ തുറന്ന സാഹചര്യത്തിൽ വരൾച്ചാ സാഹചര്യം മുന്നിൽകണ്ട് ജലം പാഴാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും ഭാഗത്ത് നിന്ന് ഇതിനായി നടപടിയുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പല പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം നേരിടുന്നതിനാൽ റവന്യു മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രോജക്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് കനാൽ തുറക്കാൻ തീരുമാനിച്ചത്. തൃശൂർ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഗവ. മെഡിക്കൽ കോളേജിലെയും കുടിവെള്ള വിതരണത്തിനാവശ്യമായ ജലത്തിന്റെ കരുതൽ ശേഖരം നിലനിറുത്തിയാണിത്.

ഡാമിൽ നിന്നും വെള്ളം പുറത്തേക്കൊഴുക്കുന്ന ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട വകുപ്പുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അലർട്ടുകൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. പീച്ചി ഡാമിൽ നിന്നും വെള്ളം പുറത്തേക്കൊഴുക്കുന്നതിനാൽ അധികജലം ഒഴുകിവന്ന് ഇറിഗേഷൻ കനാലിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്.

കനാലിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. പാടശേഖരങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുണ്ടെങ്കിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകി.