പാവറട്ടി: പുഴ നികത്തുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദമായ ഏനാമാവ് പള്ളിക്കടവിൽ വീണ്ടും അനധികൃത നിർമ്മാണം. പുറമ്പോക്ക് ഭൂമിയെന്ന് പ്രഖ്യാപിച്ച് വെങ്കിടങ്ങ് പഞ്ചായത്ത് തിരിച്ചു പിടിച്ച് ചാവക്കാട് തഹസിൽദാർ ബോർഡ് സ്ഥാപിച്ച സ്ഥലത്താണ് വീണ്ടും സ്വകാര്യ വ്യക്തി അനധികൃത നിർമ്മാണം നടത്തുന്നത്. ഒരു ഇടവേളക്ക് ശേഷം തുടങ്ങിയ അനധികൃത നിർമ്മാണ പ്രവർത്തനം പഞ്ചായത്ത് തടഞ്ഞു. പുഴയിൽ നിന്ന് ചെളി കോരിയെടുത്ത് കരയിൽ നിക്ഷേപിച്ച് വഴി നിർമ്മിച്ചിരിക്കുകയും സിമന്റ് കട്ട കൊണ്ട് പാർശ്വഭിത്തി നിർമ്മാണവുമാണ് നടത്തിയത്. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളായ മുതാസ് റസാക്ക്, ബസീജ വജേഷ്, പൊതുപ്രവർത്തകരായ കെ.കെ. ബാബു, വി.കെ.ബാബു, ഷംസുദ്ദീൻ എന്നിവരെത്തി നിർമ്മാണം തടയുകയായിരുന്നു.പാവറട്ടി എസ്.ഐ വൈശാഖിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി.


മുമ്പും അനധികൃത നിർമ്മാണംഏറെ വിവാദമായ ഏനാമാവ് പള്ളിക്കടവിൽ അനധികൃത നിർമ്മാണം ആദ്യമല്ല. പള്ളിക്കടവിലെ അനധികൃതമായി പുഴ നികത്തൽ വിഷയം മണലൂർ എം.എൽ.എ മുരളി പെരുനെല്ലി നിയമസഭയിൽ സബ്മിഷൻ അവതരിപ്പച്ചിരുന്നു. ഇതെത്തുടർന്ന് മന്ത്രി കെ.രാജൻ പുഴ നികത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കമെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് മാസങ്ങൾക്ക് മുമ്പ് ജില്ലാ കലക്ടറും ചാവക്കാട് താലൂക്ക് തഹസിൽദാരും കൈയേറിയ സ്ഥലം സന്ദർശിച്ച് അളന്ന് തിട്ടപ്പെടുത്തി സർക്കാർ ഭൂമിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇവിടെ റവന്യൂ അധികൃതർ സർക്കാർ ഭൂമിയെന്ന് ബോർഡും സ്ഥാപിച്ചാണ് മടങ്ങിയത്. എന്നാൽ ഇത് പരിഗണിക്കാതെയാണ് വീണ്ടും അനധികൃത നിർമ്മാണം നടക്കുന്നത്. രാത്രികാലങ്ങളിലാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വീണ്ടും അനധികൃത നിർമാണം ഉണ്ടായ സാഹചര്യത്തിൽ വിഷയം ഗൗരവമായി കണ്ട് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.