മാള: പ്രളയവും കൊവിഡും തീർത്ത ഇടവേളയ്ക്ക് ശേഷം പൂപ്പത്തി ഗ്രാമം വീണ്ടും ഒരുങ്ങുകയാണ്, കാൽപ്പന്തുകളിയുടെ ആരവങ്ങൾക്കായി. ഇനി ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ പൂപ്പത്തിയിൽ സോയൂസ് സ്റ്റാർ സോക്കർ ഫുട്ബാൾ മാമാങ്കമാണ്. പ്രായവും രാഷ്ട്രീയവും മതവും ജാതിയും മറന്ന് പിന്നെ എല്ലാവരും ഫുട്ബാളിന് പിറകേയാണ്. തിരഞ്ഞെടുപ്പായാലും പൂപ്പത്തി ഗ്രാമത്തിലുള്ളവർ കാൽപ്പന്ത് കളിക്ക് പിറകിൽ ഒറ്റക്കെട്ടാണ്. ഏതാണ്ട് അഞ്ച് വർഷം മുമ്പാണ് പൂപ്പത്തി ഗ്രാമത്തിൽ കാൽപ്പന്തുകളിയുടെ ആവേശം വാനോളമുയർന്നത്. പൂപ്പത്തി ഗ്രാമത്തിൽ ആദ്യമായി ഫുട്ബാൾ ടൂർണമെന്റ് നടന്നത് അന്നായിരുന്നു. പ്രളയവും കൊവിഡും വന്നിട്ടും ആവേശം നിലച്ചില്ലെങ്കിലും ഫുട്ബാൾ മേള നടത്താനായിരുന്നില്ല. അങ്ങനെ വർഷങ്ങൾക്ക് ശേഷം കാൽപ്പന്ത്കളിയെ നെഞ്ചേറ്റാനുള്ള അവസാന പാസുകളിലാണ് പൂപ്പത്തി ഗ്രാമവാസികൾ.
മത്സരത്തിന് മുമ്പായി എല്ലാദിവസവും മെഗാഷോയും കലാപരിപാടികളുമുണ്ടാകും. ഏറ്റവും കൂടുതൽ സ്ത്രീകൾ കളി കാണാനെത്തുന്ന കലാകായിക മാമാങ്കം എന്ന സവിശേഷതയും പൂപ്പത്തി ഗ്രാമത്തിലെ ടൂർണമെന്റിനുണ്ട്. സംഘാടക സമിതിയിലും സ്ത്രീകളുടെ പ്രത്യേക വിഭാഗം തന്നെയുണ്ട്. യുവജനങ്ങളുടെയും കുട്ടികളുടെയും കമ്മിറ്റികളും പ്രവർത്തിക്കുന്നു. ഇത്തവണ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫുഡ്‌ഫെസ്റ്റും നടത്തും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ രംഗത്തെ പുതുനാമ്പുകൾക്ക് പ്രോത്സാഹനം നൽകുന്നതിനും ടൂർണമെന്റിൽ നിന്നുള്ള നീക്കിയിരുപ്പ് ഉപയോഗിക്കും. ഈ വർഷം 'കാൽപ്പന്താണ് ലഹരി' എന്ന വാക്യം ഉയർത്തി ലഹരിക്കെതിരെയുള്ള പ്രചാരണം ടൂർണമെന്റിന്റെ ഭാഗമാക്കാനും ഉദ്ദേശമുണ്ട്.
സംഘാടക സമിതി ഓഫീസ് ദുബായിലെ മാള വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സി.വി. സുഷീൽ ഉദ്ഘാടനം ചെയ്തു. എം.പി. മുഹമ്മദ് റാഫി ചെയർമാനും വിഷ്ണു നമ്പൂതിരി ജനറൽ കൺവീനറും വിനോദ് മണപ്പുറത്ത് ചീഫ്-കോഓർഡിനേറ്ററുമായ സംഘാടക സമിതിയാണ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ബൂട്ടണിയുക കേരളത്തിലെ എട്ട് മുൻനിര ടീമുകൾ
സെവൻസ് ഫുട്ബാളിലെ കേരളത്തിലെ തന്നെ മികച്ച എട്ട് മുൻനിര ടീമുകളാണ് പൂപ്പത്തിയിൽ ഇത്തവണ ബൂട്ടണിഞ്ഞ് ഇറങ്ങുക. ഒന്നര ഏക്കറോളം വരുന്ന മുണ്ടകൻ പാടത്ത് പ്രത്യേകം തയ്യാറാക്കുന്ന ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് ഇത്തവണ മത്സരങ്ങൾ. പുൽമൈതാനം ഒരുക്കുന്ന ജോലികൾ നാട്ടുകാരുടെ കൂട്ടായ്മയിൽ ധൃതഗതിയിൽ ഒരു മാസമായി നടന്നുവരുന്നു.