ചാലക്കുടി: കലാകാരൻമാരുടെ സംഘടനയായ ഫെയ്‌സ് ചാലക്കുടിയുടെ പ്രഥമ കലാഭവൻ മണി പുരസ്‌കാരം ഗായകനും മിമിക്രി കലാകാരനുമായ കലാഭവൻ ജയന്. മണിയുടെ എട്ടാം ചരമവാർഷിക ദിനമായ 6ന് കലാഭവൻ മണി അനുസ്മരണ ചടങ്ങായ കാരുണ്യസ്പർശത്തിൽവച്ച് പുരസ്‌കാരം സമ്മാനിക്കും. രാവിലെ 9ന് കലാഭവൻ മണി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് മണിയോടൊപ്പം സ്റ്റേജ് പരിപാടികൾ നടത്തിയ കലാകാരൻമാരുടെ നേതൃത്വത്തിൽ സൗത്ത് ജംഗഷനിലെ ഫ്‌ളൈ ഓവറിനടിയിൽ കലാസന്ധ്യ നടത്തും. ഗിന്നസ് മനോജ് ഉദ്ഘാടനം ചെയ്യും. എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് എട്ട് വൃക്ക രോഗികൾക്ക് മൂന്ന് ഡയാലിസിസ് കിറ്റുകൾ വീതം വിതരണം ചെയ്യും. തുടർന്ന് അന്നദാനവും ഉണ്ടാകും. നഗരസഭ കൗൺസിലർ വി.ജെ. ജോജി, കലാകാരന്മാരായ സിക്ക് സജീവ്, ബിജു ചാലക്കുടി, ജോബി കലാഭവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.